സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജന്‍റെ വടകരയിലെ സ്ഥാനാർഥിത്വത്തോടെ കൊലപാതക രാഷ്ട്രീയം ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ പ്രധാന ചർച്ചാ വിഷയമായി മാറുകയാണ്. അരിയിൽ ഷുക്കൂർ വധക്കേസിൽ പ്രതിയായ പി ജയരാജനെ വടകരയിൽ മത്സരിപ്പിക്കുന്നതോടെ സംസ്ഥാന തലത്തിൽ കൊലപാതക രാഷ്ട്രീയം ചർച്ചയാവും.
പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്ത് ലാലിന്‍റെയും
കൃപേഷിന്‍റെയും ക്രൂരമായ കൊലപാതകത്തിന്‍റെ പശ്ചാതലത്തിൽ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കൊലപാതക കേസിൽ പ്രതിയായ സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജനെ സ്ഥാനാർഥിയാക്കിയതോടെ കൊലപാതക രാഷ്ട്രീയം സി.പി.എമ്മിനെ പ്രതിരോധത്തിലാക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ .
ആർ.എസ്.എസ് നേതാവ് കതിരുർ മനോജിന്‍റെയും എം.എസ്.എഫ് പ്രവർത്തകൻ അരിയിൽ ഷുക്കൂറിന്‍റെയും കൊലപാതകങ്ങളിൽ പ്രതിക്കൂട്ടിലാണ് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയായ പി.ജയരാജന്‍. കതിരൂർ മനോജ് വധക്കേസിലെ 25–ാം പ്രതിയായ പി ജയരാജനാണ് കൊലയ്ക്ക് പിന്നിലെ മുഖ്യആസൂത്രകനെന്നാണ് സി.ബി.ഐ കണ്ടെത്തൽ. ഷൂക്കൂർ വധക്കേസിലും പി ജയരാജന് ഗൂഢാലോചനയിൽ പങ്കുള്ളതായി സി.ബി.ഐ കണ്ടെത്തിയിരുന്നു. ഈ കേസുകൾ നിലനിൽക്കുന്നതിനിടെയാണ് പി ജയരാജനെ വടകരയിലെ എൽ.ഡി.എഫ് സ്ഥാനാർഥിയായി സി.പി.എം രംഗത്തിറക്കുന്നത്. ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ ഉൾപ്പെടെ ആരോപണ വിധേയനായ പി ജയരാജൻ സ്ഥാനാർഥിയായതോടെ കൊലപാതക രാഷ്ട്രീയമായിരിക്കും കേരളത്തിലെ പ്രചാരണ വിഷയം.
അതേസമയം പി ജയരാജനെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിപ്പിച്ച് കണ്ണൂര്‍ രാഷ്ട്രീയത്തില്‍ നിന്ന് ഒതുക്കാനുള്ള തന്ത്രത്തിന്‍റെ ഭാഗമാണെന്ന വിമർശനം ഉയരുന്നുണ്ട്. വ്യക്തിപൂജയുടെ പേരിൽ പാർട്ടിക്ക് അകത്ത് തന്നെവിമർശനം നേരിടേണ്ടി വന്ന പി ജയരാജനെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കാനുള്ള തന്ത്രത്തിന്‍റെ ഭാഗമാണ് തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുന്നതെന്ന വിമർശനവും ഉയരുന്നുണ്ട്.