പ്രവാസി ആത്മഹത്യ ചെയ്ത സംഭവം: പി.കെ ശ്യാമളയ്ക്ക് വീഴ്ച പറ്റിയെന്ന് പി ജയരാജന്‍

Jaihind Webdesk
Saturday, June 22, 2019

കണ്ണൂര്‍: കണ്‍വെന്‍ഷന്‍ സെന്‍ററിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആന്തൂര്‍ നഗരസഭാ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയെന്ന് പി ജയരാജന്‍. കണ്‍വെന്‍ഷന്‍ സെന്‍ററിന് അനുമതി നല്‍കുന്ന കാര്യത്തില്‍ നിഷേധാത്മകമായ നിലപാടാണ് ആന്തൂര്‍ നഗരസഭാ ഉദ്യോഗസ്ഥര്‍ സ്വീകരിച്ചത്. ഇക്കാര്യത്തില്‍ നഗരസഭാ അധ്യക്ഷ പികെ ശ്യാമളയ്ക്കും വീഴ്ച പറ്റിയെന്നും പി ജയരാജന്‍ പറഞ്ഞു. സി.പി.എം കണ്ണൂരില്‍ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ജയരാജന്‍.

വിഷയം കൈകാര്യം ചെയ്യുന്നതില്‍ ആന്തൂര്‍ നഗരസഭയ്ക്ക് വീഴ്ച പറ്റി. ഉദ്യോഗസ്ഥരുടെ വാഴ്ചയാണ് മുനിസിപ്പാലിറ്റിയില്‍ നടന്നത്. ഉദ്യോഗസ്ഥര്‍ പറഞ്ഞതുകേട്ട് നടക്കുകയല്ല ജനപ്രതിനിധികള്‍ ചെയ്യേണ്ടത്, ഉദ്യോഗസ്ഥര്‍ക്കുമേല്‍ ഇടപെടുകയാണ് വേണ്ടത്. ആന്തൂര്‍ മുനിസിപ്പാലിറ്റിയിലെ ഉദ്യോഗസ്ഥരെ നിയന്ത്രിക്കാനും വേണ്ടവിധത്തില്‍ വിഷയത്തില്‍ ഇടപെടാനും പി.കെ ശ്യാമളയ്ക്ക് കഴിഞ്ഞില്ലെന്നും ജയരാജന്‍ വിശദീകരണയോഗത്തില്‍ പറഞ്ഞു.

ആന്തൂര്‍ സംഭവത്തില്‍ പാർട്ടി അന്വേഷണം നടത്തിയിരുന്നു. ചട്ടലംഘനം നടന്നതായും സാജന്‍റെ കണ്‍വെന്‍ഷന്‍ സെന്‍ററിന് അനുമതി നല്‍കുന്നതില്‍ നഗരസഭാ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചതായും കണ്ടെത്തി. ക്രൂരമായ അനാസ്ഥയാണ് പ്രവാസി വ്യവസായി സാജന്‍റെ ഓഡിറ്റോറിയത്തിന്‍റെ കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ കാട്ടിയതെന്ന് പി ജയരാജന്‍ കുറ്റപ്പെടുത്തി. സാജന്‍റെ ഭാര്യയുടെ പരാതിയില്‍ ആവശ്യമായ തീരുമാനം പാർട്ടി കൈക്കൊള്ളുമെന്നും ജയരാജന്‍ പറഞ്ഞു.

അതേസയമം ആന്തൂര്‍ നഗരസഭാ അധ്യക്ഷ പി.കെ ശ്യാമള രാജിസന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ പറഞ്ഞു. വീഴ്ച സംബന്ധിച്ച് ശ്യാമള നല്‍കിയ വിശദീകരണം പാർട്ടി ചർച്ച ചെയ്യുമെന്നും എം.വി ജയരാജന്‍ അറിയിച്ചു.