കൂടത്തായി കൊലപാതക പരമ്പരയിൽ അന്വേഷണ പുരോഗതി വിലയിരുത്തി ഡിജിപി ലോക്‌നാഥ് ബെഹ്‌റ. പൊന്നാമറ്റം വീട്ടിലെത്തി അദ്ദേഹം സ്ഥിതിഗതികൾ വിലയിരുത്തി. കേസന്വേഷണം വലിയ വെല്ലുവിളിയാണെന്ന് വ്യക്തമാക്കിയ ഡിജിപി വിദഗ്‍ധരുടെ പങ്കാളിത്തം കേസിൽ ആവശ്യമായതിനാൽ കൂടുതൽ മിടുക്കരായ ഉദ്യോഗസ്ഥരെ കേസന്വേഷണത്തിന് നിയോഗിക്കുമെന്നും പറഞ്ഞു.
17 വർഷം വരെ പഴക്കമുള്ള കേസ് ശാസ്ത്രീയ പരിശോധനയുടെയും ഫോറൻസിക് തെളിവുകളുടെയും അടിസ്ഥാനത്തിൽ മാത്രമേ കണ്ടെത്താനാവൂ. ആവശ്യമെങ്കിൽ കൂടുതൽ ആളുകളെ അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തുമെന്നും ലോക്നാഥ് ബെഹ്‌റ പറഞ്ഞു. വർഷങ്ങൾ നീണ്ട കൊലപാതകപരമ്പരയിൽ തെളിവ് ശേഖരണമാകും കേരളാ പൊലീസിന് മുന്നിൽ വലിയ വെല്ലുവിളിയാകുകയെന്നും ബെഹ്‍റ വ്യക്തമാക്കി.
ഇനി ശാസ്ത്രീയ തെളിവുകൾ കൂടി വിലയിരുത്തും. ഇതിനായി പോലീസ് ഉന്നതതലയോഗം വടകരയിൽ ചേരുന്നു. അതേസമയം ജോളിയെ ബെഹ്‌റയുടെ സാന്നിദ്ധ്യത്തിൽ ചോദ്യം ചെയ്യും. ബിഎസ്എൻഎൽ ജീവനക്കാരൻ ജോൺസണെ വിവാഹം കഴിക്കാൻ ജോളി ആഗ്രഹിച്ചിരുന്നതായാണ് പുതിയ വെളിപ്പെടുത്തൽ. ഇതിന്‍റെ ഭാഗമായി ഷാജുവിനെയും ജോൺസന്‍റെ ഭാര്യയേയും കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നതായും ജോളി മൊഴിനൽകിയെന്നാണ് വിവരം.