നോട്ട് നിരോധന ദുരന്തം: തൊഴിലില്ലായ്മ നിരക്ക് കുത്തനെ ഉയരുന്നു

Jaihind Webdesk
Thursday, November 8, 2018

മോദി സർക്കാർ നോട്ട് നിരോധനം നടപ്പാക്കി രണ്ട് വർഷം തികയുമ്പോൾ രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് ആശങ്കാജനകമായി വളരുന്നതായി സെൻറർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമി (സിഎംഐഇ) യുടെ പഠന റിപ്പോർട്ട്. കഴിഞ്ഞ മാസം തൊഴിലില്ലായ്മ നിരക്ക് 6.9 ശതമാനമായി ഉയർന്നതായാണ് റിപ്പോർട്ടിലുള്ളത്. തൊഴിൽ ചെയ്യാൻ സന്നദ്ധരായ മുതിർന്നവരുടെ കണക്കു വ്യക്തമാക്കുന്ന തൊഴിലാളി പങ്കാളിത്ത നിരക്ക് 42.4 ശതമാനത്തിലേക്കു താഴ്ന്നതായും റിപ്പോർട്ട് പറയുന്നു. 2016 ജനുവരിക്കു ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്.

48 ശതമാനമായിരുന്ന തൊഴിലാളി പങ്കാളിത്ത നിരക്ക് നോട്ടു നിരോധനത്തെ തുടർന്നാണ് താഴേക്ക് പോയത്. നോട്ട് നിരോധനം നടപ്പാക്കി രണ്ട് വർഷം പിന്നിട്ടിട്ടും പങ്കാളിത്ത നിരക്ക് ഉയർന്നിട്ടില്ല. 2017 ഒക്ടോബറിൽ 407 ദശലക്ഷം പേരാണ് ജോലിക്കാരായി ഉണ്ടായിരുന്നതെങ്കിൽ 2018 ഒക്ടോബറിൽ ഇത് 2.4 ശതമാനം കുറഞ്ഞ് 397 ദശലക്ഷമായി. തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവരുടെ സംഖ്യയിൽ ഒക്ടോബറിൽ പ്രകടമായ ഈ വലിയ വ്യത്യാസം ആശങ്കാജനകമാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

നിലവിൽ ആദ്യമായി ജോലി തേടുന്നവരുടെ സംഖ്യ 2017 ജൂലൈയിൽ 14 ദശലക്ഷമായിരുന്നെങ്കിൽ 2018 ഒക്ടോബറിൽ ഇത് 29.5 ദശലക്ഷമാണ്. ഇന്ത്യയിൽ തൊഴിൽ സാധ്യതകൾ വർധിക്കുന്ന ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ ഒഴിവുകളുടെയും ജോലി തേടുന്നവരുടെയും സംഖ്യയിലുള്ള ഭീമമായ വ്യത്യാസം നല്ല സൂചനയല്ലെന്നാണ് എച്ച്ആർ രംഗത്തെ വിദഗ്ധരുടെ അഭിപ്രായം.
പ്രതിവർഷം ശരാശരി 12 ദശലക്ഷം പേരാണ് തൊഴിൽ തേടി പുതുതായി കടന്നുവരുന്നത്. ഇതിനനുസരിച്ച് ജോലി സാധ്യതകൾ ഉണ്ടാകുന്നില്ലെന്ന യാഥാർഥ്യത്തിലേക്കാണ് കണക്കുകൾ വിരൽ ചൂണ്ടുന്നത്. ജോലിസാധ്യത കൂടുതലുള്ള മേഖലകളുടെ തളർച്ചയും ഐടി രംഗത്ത് സാധ്യതകൾ മങ്ങിയതുമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമായതായാണ് വിലയിരുത്തൽ.

രണ്ടു വർഷത്തിനിടെ ഇതാദ്യമായാണ് തൊഴിലില്ലായ്മ നിരക്ക് 6.9 ശതമാനമായി ഉയരുന്നത്. നോട്ട് നിരോധനത്തെ തുടർന്ന് ചെറുകിട വ്യവസായ മേഖലകൾ തകർന്നടിയുകയും വ്യവസായിക രംഗത്താകെ മാന്ദ്യം ദൃശ്യമാവുകയും ചെയ്തിരുന്നു. അതിനു പിന്നാലെ വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെ കേന്ദ്രസർക്കാർ ജി.എസ്.ടി നടപ്പാക്കിയതോടെ ഏതാണ്ട് എട്ടു മാസത്തോളം വ്യാപാര മേഖലയും സ്തംഭനത്തിലായിരുന്നു.