വൈക്കത്ത് വേമ്പനാട്ടു കായലിലെ അനധികൃത ചീനവലകള്‍ നീക്കണമെന്ന ആവശ്യം ശക്തം

കോട്ടയം വൈക്കം വേമ്പനാട്ടു കായലിലെ അനധികൃത ചീനവലകള്‍ നീക്കണമെന്ന ആവശ്യം ശക്തമാകുന്നു. അഞ്ഞൂറിലധികം ചീനവലകളാണ്
വൈക്കം താലൂക്കിന്‍റെ വിവിധ പ്രദേശങ്ങളിലായി സ്ഥാപിച്ചിട്ടുള്ളത്. മത്സ്യങ്ങളെ ആകര്‍ഷിക്കാനെന്ന പേരിൽ യാതൊരു സുക്ഷിതത്വവും ഇല്ലാതെ വൈദ്യുത ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ട്.

ഒരേയൊരു ചീനവലയ്ക്കാണ് വൈക്കത്ത് ഫിഷറീസ് വകുപ്പിന്‍റെ അനുമതി ഉള്ളത്. എന്നാല്‍ അഞ്ഞൂറിലധികം വലകള്‍ സ്ഥാപിച്ചാണ് അനധികൃത മത്സ്യബന്ധനം. വലുപ്പം കുറഞ്ഞ കണ്ണികളുള്ള വലകള്‍ ഉപയോഗിക്കുന്നതിനാല്‍ ചെറുമത്സ്യങ്ങള്‍ വരെ വലയില്‍ കുടുങ്ങും. ഇത്തരത്തില്‍ ചെറു മത്സ്യങ്ങള്‍ വംശനാശ ഭീഷണി നേരിടുന്നത് കായല്‍ സമ്പത്തിനെ പ്രതികൂലമായി ബാധിക്കുന്നു. കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും,വന്‍കിട മുതലാളിമാരുമാണ് ചീനവലകള്‍ സ്ഥാപിച്ചിരിക്കുന്നതെന്ന് മത്സ്യതൊഴിലാളികള്‍ പറയുന്നു. മത്സ്യങ്ങളെ ആകര്‍ഷിക്കുന്നതിന് സ്വകാര്യ വ്യക്തികളുടെ വീടുകള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും ജലോപരിതലത്തിലൂടെ വൈദ്യുത ലൈനുകള്‍ വലിച്ച് ലൈറ്റുകള്‍ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. ഈ വൈദ്യുത ലൈന്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ഉണ്ടാക്കുന്ന അപകട ഭീക്ഷണയും ചെറുതല്ല.

ചീനവലയിലേക്കുള്ള വൈദ്യുതി വിഛേദിക്കണമെന്ന് 2015ല്‍ കോടതി ഉത്തരവുണ്ട്. ലൈന്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് വൈദ്യുത വകുപ്പ് ജില്ലാ എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ക്കും,തലയാഴം ഇലക്ട്രിസിറ്റി ഓഫീസിലും പരാതി നല്‍കിയിട്ട് യാതൊരു നടപടിയുമുണ്ടായില്ല. നടപടി വൈകിയാല്‍ ഫിഷറീസ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിക്കാനാണ് മത്സ്യത്തൊഴിലാളികളുടെ തീരുമാനം.

CheenavalaVaikkomVembanad Kayal
Comments (0)
Add Comment