മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനു കേന്ദ്രസർക്കാരിന്‍റെ അപ്രഖ്യാപിത വിലക്ക്; കായംകുളം സ്വദേശിയുടെ മൃതദേഹം ദുബായ് വിമാനത്താവളത്തിൽ കുടുങ്ങി

ഗൾഫിൽ മരിക്കുന്ന ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനു കേന്ദ്രസർക്കാരിന്‍റെ അപ്രഖ്യാപിത വിലക്ക്. ഇതോടെ കായംകുളം സ്വദേശിയുടെ മൃതദേഹം ദുബായ് വിമാനത്താവളത്തിൽ കുടുങ്ങി. എംബസി രേഖകളോടെയാണ് മൃതദേഹം വിമാനത്താവളത്തിൽ എത്തിച്ചത്. എന്നാല്‍ മൃതദേഹങ്ങൾ കയറ്റി വിടരുതെന്ന് കേന്ദ്രസർക്കാർ നിർദേശം ഉണ്ടെന്ന് അധികൃതർ പറഞ്ഞതോടെ മൃതദേഹം നാട്ടിലേയ്ക്ക് അയയ്ക്കാനായില്ല.

20ആം തീയതിയാണ് അണുബാധയെ തുടർന്ന് കായംകുളം സ്വദേശി ഷാജി ലാൽ മരിച്ചത്. ദുബായ് ഇന്ത്യൻ കോൺസുലേറ്റ്, ദുബായ് പൊലീസ് എന്നിവരുടെ അനുമതിക്കു ശേഷം എംബാംമിങ് പൂർത്തിയാക്കിയ മൃതദേഹമാണ് നാട്ടിലേക്കു കൊണ്ടുപോകാനാകാതെ ദുബായ് വിമാനത്താവളത്തിൽ എത്തിച്ചത്. എന്നാല്‍ കൊച്ചി വിമാനത്താവളത്തിലെ എമിഗ്രേഷൻ വകുപ്പിന്‍റെ അനുവാദമില്ലാത്തതിനാൽ നാട്ടിലേക്കു അയക്കാനായില്ല. മൃതദേഹങ്ങൾ വിമാനത്താവളങ്ങളിലെത്തിക്കുന്നതുമായി ബന്ധപ്പെട്ടുള്ള മാനദണ്ഡങ്ങൾ സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിർദ്ദേശം വരാത്തതിനാൽ ഇപ്പോൾ മൃതദേഹങ്ങൾ സ്വീകരിക്കാനാവില്ല എന്നാണ് ഉദ്യോഗസ്ഥർ അറിയിക്കുന്നത്.

അതേസമയം, പ്രവാസികളുടെ മൃതദേഹങ്ങളോടു പോലും കടുത്ത അവഗണന കാണിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും അത്തരമൊരു നിർദേശം ഉണ്ടെങ്കില്‍ അത് പിൻവലിക്കണമെന്നുമാണ് പ്രവാസലോകത്തിന്‍റെ ആവശ്യം.

Comments (0)
Add Comment