തമിഴ്നാട്ടില്‍ നാശംവിതച്ച് ‘ഗജ’ ; കേരളത്തിലും മഴയ്ക്ക് സാധ്യത; ജാഗ്രതാനിര്‍ദേശം

Jaihind Webdesk
Friday, November 16, 2018

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ഗജ ചുഴലിക്കാറ്റ് തമിഴ്നാട് തീരത്ത് ആഞ്ഞടിക്കുന്നു. തമിഴ്നാട്ടില്‍ ഇതുവരെ 11 മരണങ്ങള്‍ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അറിയിച്ചു. നാശനഷ്ടത്തിന്‍റെ കൃത്യമായ കണക്കുകള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് ജില്ലകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ലഭ്യമായാലുടന്‍ കേന്ദ്രത്തിന്‍റെ സഹായം തേടുമെന്നും അദ്ദേഹം വ്യക്തമാക്കി. നാഗപട്ടണം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായിട്ടുള്ളത്. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കിക്കൊണ്ടിരിക്കുകയാണെന്നും സര്‍ക്കാര്‍ അറിയിച്ചു.

ചുഴലിക്കാറ്റിനെ തുടര്‍ന്ന് തമിഴ്‌നാട് തീരത്തുനിന്ന് 82,000 ലേറെ പേരെ ഒഴിപ്പിച്ചിട്ടുണ്ട്. 471 സര്‍ക്കാര്‍ ദുരിതാശ്വാസ ക്യാമ്പുകളും ആരംഭിച്ചിട്ടുണ്ട്. നാഗപട്ടണം, കടലൂർ, തഞ്ചാവൂർ, തൂത്തുക്കുടി, പുതുക്കോട്ട എന്നിവിടങ്ങളിൽ കനത്ത മഴ പെയ്യുമെന്നും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. മുൻകരുതലിനെ തുടർന്ന് ചെന്നൈയിൽനിന്ന് പുറപ്പെടേണ്ട നിരവധി ട്രെയിനുകൾ റദ്ദാക്കി.

അതേസമയം കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്ന് ശക്തമായ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശൂർ, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളിലും വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്.

ഇന്നും നാളെയും മലയോര, തീരദേശ മേഖലകളിലുൾപ്പെടെ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പുലർത്തണമെന്ന് ജില്ലാ ഭരണകൂടങ്ങൾക്കും പൊലീസ്, ഫയർഫോഴ്‌സ്, കെ.എസ്.ഇ.ബി വകുപ്പുകൾക്കും സർക്കാർ നിർദേശം നൽകി. ഇന്ന് വൈകിട്ട് മുതൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദേശമുണ്ട്.