ഖുര്‍ആന്‍ ഇറക്കുമതി ചെയ്ത കേസ്; മന്ത്രി ജലീലിന് കസ്റ്റംസ് നോട്ടീസ് ; തിങ്കളാഴ്ച ഹാജരാകണം

Jaihind News Bureau
Saturday, November 7, 2020

 

കൊച്ചി: മന്ത്രി കെ.ടി ജലീലിന് കസ്റ്റംസ് നോട്ടീസ്. തിങ്കളാഴ്ച കൊച്ചിയിലെ ഓഫീസില്‍ നേരിട്ട് ഹാജരാകാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. കോണ്‍സുലേറ്റ് വഴി ഖുര്‍ ആന്‍ ഇറക്കുമതി ചെയ്ത് വിതരണം ചെയ്ത കേസിലും ഈന്തപ്പഴം, റംസാന്‍ കിറ്റ് വിതരണം എന്നീ വിഷയങ്ങളിലാണ് ചോദ്യം ചെയ്യല്‍.

നയതന്ത്ര ചാനൽ വഴി ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾ പുറത്ത് വിതരണം ചെയ്തതിൽ നിയമലംഘനം ഉണ്ടായി എന്നാണ് കസ്റ്റംസിന്‍റെ വിലയിരുത്തൽ. ഇതു സംബന്ധിച്ച കാര്യങ്ങളിൽ വ്യക്തത വരുത്തുന്നതിനാണ് മന്ത്രിയെ ചോദ്യം ചെയ്യുന്നത്.
യു.എ.ഇ കോൺസുലേറ്റ് – നയതന്ത്ര ചാനൽ വഴി കേരളത്തിലെത്തിച്ച മതഗ്രന്ഥങ്ങൾ സംസ്ഥാനത്ത് പലസ്ഥലങ്ങളിലും വിതരണം ചെയ്‌തതായി  കസ്റ്റംസ് സ്‌പെഷ്യൽ ടീം കണ്ടെത്തിയിരുന്നു.  ആകെ 4478 കിലോഗ്രാം മതഗ്രന്ഥം ആണ് നയതന്ത്ര പാഴ്സൽ വഴി സംസ്ഥാനത്ത് എത്തിച്ചത്. ഇതിൽ പ്രോട്ടോക്കോൾ ലംഘനം ഉണ്ടായെന്നാണ് കണ്ടെത്തൽ. നയതന്ത്ര പാഴ്സലിൽ എത്തുന്നവ പുറത്ത് വിതരണം ചെയ്യുന്നത് നിയമപരമല്ല.

മതഗ്രന്ഥങ്ങളെക്കൂടാതെ 17,000 കിലോ ഗ്രാം ഈന്തപ്പഴവും നയതന്ത്ര ചാനല്‍ വഴി കേരളത്തിലെത്തിച്ച് വിതരണം ചെയ്തിരുന്നു. ഈന്തപ്പഴ ഇറക്കുമതിയിലും കസ്റ്റംസ് കേസെടുത്തിട്ടുണ്ട്. നേരത്തെ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഇ.ഡിയും ജലീലിനെ ചോദ്യം ചെയ്തിരുന്നു. സെപ്തംബർ 17ന് എന്‍ഐഎയും  ജലീലിനെ ആറു മണിക്കൂർ ചോദ്യം ചെയ്തു. ഇതിനു പിന്നാലെയാണ് മൂന്നാമത് ദേശീയ ഏജൻസിയും മന്ത്രിയെ ചോദ്യം ചെയ്യാൻ പോകുന്നത്. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ഒരു മന്ത്രിയെ ഇഡി, എന്‍ഐഎ,കസ്റ്റംസ് എന്നീ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്യുന്നതെന്നതും ശ്രദ്ദേയമാണ്.