തൊണ്ടിമുതല്‍ മോഷണക്കേസ്: മന്ത്രി ആന്‍റണി രാജുവിനെതിരായ നിർണായക രേഖ പുറത്ത്; കേസ് അട്ടിമറിക്കാന്‍ ആസൂത്രിത നീക്കം

Jaihind Webdesk
Sunday, July 17, 2022

 

തിരുവനന്തപുരം: ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജു പ്രതിയായ ക്രിമിനൽ കേസ് അട്ടിമറിക്കാൻ ആസൂത്രിത നീക്കം എന്ന് ആരോപണം. കേസ് രജിസ്റ്റർ ചെയ്ത് 28 വർഷം പിന്നിട്ടിട്ടും ഇതുവരെയും ആന്‍റണി രാജു കോടതിക്ക് മുന്നിൽ ഹാജരായിട്ടില്ല. ലഹരിക്കടത്തിൽ കുടുങ്ങിയ വിദേശിയെ രക്ഷിക്കാൻ കോടതിയിലെ തൊണ്ടിമുതൽ മാറ്റിയെന്നാണ് കേസ്.

ലഹരിക്കടത്തിൽ കുടുങ്ങിയ വിദേശിയെ രക്ഷിക്കാൻ കോടതിയിൽ തൊണ്ടിമുതൽ മാറ്റിയതിനാണ് 1994 ൽ ആന്‍റണി രാജുവിനെതിരെ കേസെടുത്തത്. കോടതിയിലെ തൊണ്ടിമുതലില്‍ കൃത്രിമത്വം നടത്തി, ഗൂഢാലോചന അടക്കമുള്ള 6 അതീവ ഗുരുതര കുറ്റങ്ങളാണ് ആന്‍റണി രാജു നടത്തിയത്. 2014 മുതൽ 22 തവണ കേസ് പരിഗണിച്ചു. കേസ് രജിസ്റ്റർ ചെയ്തിട്ട് 28 വർഷവും കുറ്റപത്രം സമർപ്പിച്ചിട്ട് 16 വർഷവുമായി. ആന്‍റണി രാജു തൊണ്ടിമുതലിൽ കൃത്രിമത്വം നടത്തിയത് വ്യക്തമാക്കുന്ന രേഖകളും പുറത്തുവന്നു.

കേസിന്‍റെ വിചാരണയ്ക്കായി സമൻസ് അയച്ച് പ്രതികളെ വിളിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായെങ്കിലും ഇതുവരെയും ആന്‍റണി രാജു കോടതിയിൽ ഹാജരായിട്ടില്ല. അതിനാൽ കേസിന്‍റെ വിചാരണയും നീളുകയാണ്. തിരുവനന്തപുരം വഞ്ചിയൂർ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. എന്നാൽ മന്ത്രിയുടെ സൗകര്യത്തിനായി നെടുമങ്ങാട് കോടതിയിലാണ് കേസിന്‍റെ വിചാരണ.

1990 ഏപ്രിൽ 4 നാണ് അടിവസ്ത്രത്തിലൊളിപ്പിച്ച 61 ഗ്രാം ഹാഷിഷുമായി ഓസ്‌ട്രേലിയക്കാരൻ ആൻഡ്രൂ സാൽവദോർ തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിയിലാകുന്നത്. ഈ വിദേശിയെ കേസിൽ നിന്നും രക്ഷിക്കാനാണ് വഞ്ചിയൂർ കോടതിയിലെ അഭിഭാഷനായിരുന്ന ആന്‍റണി രാജു തൊണ്ടിമുതലിൽ കൃത്രിമം കാണിച്ചത്. അന്ന് തിരുവനന്തപുരം വഞ്ചിയൂർ ബാറിലെ ജൂനിയർ അഭിഭാഷകനായിരുന്നു ആന്‍റണി രാജു. ആന്‍റണി രാജുവിന്‍റെ സീനിറായി അഭിഭാഷക സെലിൻ വിൽഫ്രണ്ടാണ് വിദേശിക്കുവേണ്ടി കോടതിയിൽ ഹാജരായത്. മയക്കുമരുന്ന് കേസിൽ വിദേശിയെ തിരുവനന്തപുരം സെഷൻസ് കോടതി 10 വ‍ഷത്തേക്ക് ശിക്ഷിച്ചു. പക്ഷെ ഹൈക്കോടതി സാർലിയെ വെറുതെവിട്ടു.ഹൈക്കോടതിയിൽ എത്തിയ ലഹരി കടത്ത് കേസിൽ തെളിവുകളിൽ കൃത്രിമത്വം നടത്തിയെന്ന് പിന്നീട് കണ്ടെത്തുകയായിരുന്നു.

പ്രധാന തൊണ്ടിമുതലായ വിദേശി ധരിച്ചിരുന്ന അടിവസ്ത്രം വിദേശിക്ക് പാകമാകില്ലെന്നും ഇത് വ്യാജ തൊണ്ടിയാണെന്നുമുള്ള പ്രതിഭാഗത്തിന്‍റെ വാദം കണക്കിലെടുത്താണ് വെറുതെവിട്ടത്. തൊണ്ടിമുതലിൽ കൃത്രമമുണ്ടായെന്ന സംശയിച്ച അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥൻ ജയമോഹൻ ഹൈക്കോടതിയിൽ നൽകിയ പരാതിയെ തുടർന്നാണ് അന്വേഷണം തുടങ്ങുന്നത്. 1994ലാണ് വഞ്ചിയൂർ പോലീസ് ഇതില്‍ കേസെടുക്കുന്നത്. തിരുവനന്തപുരം കോടതിയിലെ തൊണ്ടി ക്ലാർക്കായ ജോസും അഭിഭാഷകനായ ആൻറണി രാജുവും ചേർന്നാണ് തൊണ്ടിമുതലിൽ കൃത്രിമം കാണിച്ചു എന്നായിരുന്നു അന്വേഷണത്തിലെ കണ്ടെത്തൽ.

കോടതിയിൽ സൂക്ഷിച്ചിരുന്ന അടിവസ്ത്രം ക്ലാർക്കിന്‍റെ സഹായത്തോടെ വാങ്ങിയ ആന്‍റണി രാജു അത് വെട്ടിചെറുതാക്കിയെന്ന് ഫൊറൻസിക് പരിശോധനയിൽ വ്യക്തമായെന്ന് കുറ്റപത്രത്തിൽ പറയുന്നു. രണ്ട് പേർക്കുമെതിരെ 2006ൽ തിരുവനന്തപുരം കോടതിയിൽ കുറ്റപത്രം സമ‍പ്പിച്ച കുറ്റപത്രം 2014 കേസ് നെടുമങ്ങാട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്നിലേക്ക് മാറ്റി. കേസ് പലതവണ പരിഗണിച്ചു. ആന്‍റണി രാജുവിന് നോട്ടീസ് അയച്ചു. 22 പ്രാവശ്യം കേസ് പരിഗണിച്ചുവെങ്കിലും ഇതുവരെ പ്രതികള്‍ക്ക് കുറ്റപത്രം വായിപ്പിച്ചു കേള്‍പ്പിക്കുകോ വിചാരണയിലേക്ക് കടക്കുകയോ ചെയ്തിട്ടില്ല.