സിപിഎമ്മിനെ കടുത്ത പ്രതിരോധത്തിലാക്കി പ്രവർത്തകരുടെ കള്ളവോട്ടിന്മേല്‍ കേസെടുക്കുവാൻ നിർദേശം

പിലാത്തറയിലെ പത്തൊൻപതാം നമ്പർ ബൂത്തിൽ സിപിഎം പ്രവർത്തകർ കള്ളവോട്ട് ചെയ്ത സംഭവത്തിൽ കേസെടുക്കുവാൻ നിർദേശം നൽകിയ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ തീരുമാനം സിപിഎമ്മിനെ കടുത്ത പ്രതിരോധത്തിലാക്കുന്നു. മറ്റ് ബൂത്തുകളിൽ കള്ള വോട്ട് ചെയ്യുന്ന കൂടുതൽ ദൃശ്യങ്ങൾ പുറത്തു വന്നതോടെ കള്ളവോട്ട് ചെയ്ത കൂടുതൽ പേർക്കെതിരെ നിയമ നടപടി ഉണ്ടാകുമോയെന്ന ആശങ്കയിലാണ് സിപിഎം നേതൃത്വം.

പിലാത്തറയിലെ പത്തൊൻപതാം നമ്പർ ബൂത്തിൽ കള്ളവോട്ട് ചെയ്തതിന് പാർട്ടിയുടെ സജീവ പ്രവർത്തകരും, പ്രാദേശിക നേതാക്കളുമായവർക്കെതിരെ കേസ് എടുക്കുന്നത് സിപിഎമ്മിനെ കടുത്ത പ്രതിരോധത്തിലാണ് ആക്കുന്നത്. കള്ളവോട്ട് ചെയ്ത സംഭവം ജനങ്ങൾക്ക് മുന്നിൽ വിശദീകരിക്കാനാവാത്ത സ്ഥിതിയിലാണ് സിപിഎം ജില്ലാ നേതൃത്വവും, സംസ്ഥാന നേതൃത്വവും. കള്ളവോട്ട് ചെയ്യുന്ന ദൃശ്യങ്ങൾ പുറത്ത് വന്ന വേളയിൽ വിശദീകരണവുമായി സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജൻ രംഗത്ത് വന്നിരുന്നു. എന്നാൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കള്ളവോട്ട് വിഷയത്തിൽ പാർട്ടിയെ പ്രതിരോധിക്കാൻ രംഗത്ത് വന്നില്ല. മുഖ്യമന്ത്രിയുടെ സ്വന്തം നാട്ടിൽ വരെ കള്ളവോട്ട് ചെയ്യുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിട്ടും മുഖ്യമന്ത്രി പിണറായി വിജയൻ മൗനം തുടരുകയാണ്. ഇതിനിടെ കള്ളവോട്ട് ചെയ്യുന്നതിന്‍റെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത് വരുന്നതും പാർട്ടി നേതൃത്വത്തെ ആശങ്കയിലാക്കുന്നുണ്ട്. കള്ളവോട്ട് ചെയ്ത കൂടുതൽ പേർക്കെതിരെ നിയമ നടപടി ഉണ്ടാകുമോയെന്ന ആശങ്കയാണ് പാർട്ടി ജില്ലാ നേതൃത്വത്തിനുള്ളത്. കള്ളവോട്ട് വിഷയത്തിൽ പാർട്ടിയെ പ്രതിരോധിക്കാൻ സി പി എമ്മിലെ മുതിർന്ന നേതാക്കളിൽ ഇ.പി ജയരാജൻ മാത്രമാണ് കണ്ണൂരിൽ നിന്ന് രംഗത്ത് വന്നിട്ടുള്ളത്.

ജില്ലയിലെ മറ്റു മുതിർന്ന നേതാക്കൾ ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണ്. വരും ദിവസങ്ങളിൽ പാർട്ടിക്ക് എതിരെ ഉയരുന്ന വിമർശനങ്ങളെ എങ്ങനെ പ്രതിരോധിക്കുമെന്ന ആശങ്കയും നേതൃത്വത്തിനുണ്ട്. ഓപ്പൺ വോട്ട് വാദം ഉയർത്തി കേഡർമാരായ പ്രവർത്തകർക്ക് ഇടയിൽ വിശദീകരിക്കാൻ കഴിയുമെങ്കിലും പൊതു ജനത്തിന് മുന്നിൽ എന്ത് വിശദീകരിക്കുമെന്ന ചോദ്യവും സി പി എം നേതൃത്വത്തിന് മുന്നിൽ ഉയരുന്നുണ്ട്.

Comments (0)
Add Comment