പാലക്കാട് സിപിഐയില്‍ പ്രതിസന്ധി രൂക്ഷം; പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്സിനും 15 പേരും ജില്ലാ കൗണ്‍സിലില്‍ നിന്ന് രാജിവെച്ചു

Jaihind Webdesk
Tuesday, August 1, 2023

 

പാലക്കാട്: പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്‌സിന്‍ സിപിഐ പാലക്കാട് ജില്ലാ കൗണ്‍സിലില്‍ നിന്ന് രാജി വെച്ചു. മുഹ്സിനോട് അനുഭാവം പ്രകടിപ്പിച്ച് മറ്റ് 15 പേരും ജില്ലാ കൗൺസിലിൽ നിന്ന് രാജി വെച്ചിട്ടുണ്ട്. ഇതോടെ പാലക്കാട് സിപിഐയിൽ പ്രതിസന്ധി രൂക്ഷമായി.

ജില്ലാ സമ്മേളനത്തിലെ വിഭാഗീയതയെ കുറിച്ച് അന്വേഷിച്ച കമ്മിഷന്‍ റിപ്പോർട്ടിൽ മുഹമ്മദ് മുഹ്സിൻ പ്രതിസ്ഥാനത്തായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ എംഎല്‍എയെ ജില്ലാ കമ്മിറ്റിയിലേക്ക് തരം താഴ്ത്തിയിരുന്നു. പട്ടാമ്പി മണ്ഡലം സെക്രട്ടറി സുഭാഷ്, പട്ടാമ്പിയില്‍ നിന്നുള്ള ജില്ലാ കമ്മിറ്റിയംഗം കൊടിയില്‍ രാമകൃഷ്ണന്‍ എന്നിവരെ ബ്രാഞ്ച് കമ്മിറ്റിയിലേക്കും തരംതാഴ്ത്തി. ഈ നടപടി മുഹമ്മദ് മുഹസിനും അനുയായികളും അംഗീകരിക്കാൻ തയാറല്ല. ജില്ലാ നേതൃത്വത്തിന്‍റേത് ഏകപക്ഷീയ നിലപാടാണെന്ന് എംഎൽഎ പറയുന്നു. ഇതിൽ പ്രതിഷേധിച്ചാണ് രാജിയെന്നും പാര്‍ട്ടിക്ക് നല്‍കിയ കത്തില്‍ വ്യക്തമാക്കുന്നു.

അതേസമയം മുഹ്‌സിനെതിരെ കൂടുതല്‍ നടപടിക്ക് സാധ്യതയുണ്ട്. മുഹ്‌സിനെതിരെ നടപടിയെടുത്തതില്‍ സിപിഐയില്‍ അമര്‍ഷം പുകയുന്നുണ്ട്. സിപിഐ ജില്ലാ കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെ 13 പേര്‍ മണ്ണാര്‍ക്കാട് മണ്ഡലം കമ്മിറ്റിയില്‍ നിന്ന് രാജിക്ക് ഒരുങ്ങുകയാണ്. പട്ടാമ്പി മണ്ഡലം കമ്മിറ്റിയിലെ പ്രവര്‍ത്തകരും നേരത്തെ കൂട്ടരാജി സമര്‍പ്പിച്ചിരുന്നു. വിഷയത്തിൽ പാർട്ടി സംസ്ഥാന നേതൃത്വം ഇടപെട്ടേക്കും.