ബിജെപിയിൽ പുതിയ അധ്യക്ഷനെ ചൊല്ലിയുള്ള തർക്കം കൂടുതൽ രൂക്ഷമാകുന്നു. പാർട്ടിയിലെ ഇരുപക്ഷവും നിലപാടിൽ ഉറച്ച് നിൽക്കുകയും ആർ.എസ്.എസ് കടുത്ത നിലപാട് സ്വീകരിക്കുകയും ചെയ്തതോടെ പുതിയ അധ്യക്ഷനെ കണ്ടെത്താനാകാത്ത ഗുരുതര പ്രതിസന്ധിയാണ് പാർട്ടി നേരിടുന്നത്.
സമാനതകളില്ലാത്ത പ്രതിസന്ധി ബിജെപി സംസ്ഥാന ഘടകം അഭിമുഖീകരിക്കുന്നത്. പല ഗ്രൂപ്പുകളും പല പേരുകൾ മുന്നോട്ടു വെച്ചതോടെയാണ് ബിജെപിക്കുള്ളിൽ ചേരിപ്പോര് രൂക്ഷമായത്. കെ.സുരേന്ദ്രന് വേണ്ടി വി.മുരളീധരനും എം ടി.രമേശിന് വേണ്ടി കൃഷ്ണദാസ് ശക്തമായി നിലയുറപ്പിച്ചിരിക്കുകയാണ്. ശോഭാ സുരേന്ദ്രനെ പ്രസിഡന്റ് അക്കണമെന്ന വാദവും പാരിയിൽ ശക്തമാണ്. പുതിയ ബിജെപി സംസ്ഥാന പ്രസിഡന്റിനെ നിശ്ചയിക്കാൻ കോർ കമ്മിറ്റി അംഗങ്ങളുമായും മറ്റു നേതാക്കളുമായും ദേശീയ സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ് നടത്താനിരുന്ന ചർച്ച അവസാനനിമിഷം മാറ്റിയത് പാർട്ടിയിൽ നിലനിൽക്കുന്ന രൂഷമായ അഭിപ്രായ വ്യത്യാസത്തെ തുടർന്നായിരുന്നു. പാർട്ടിയിലെ ഗ്രൂപ്പ് പോരിന് പുറമെ ആർ.എസ്എസും ബി ജെ പിയും പിയും തമ്മിലുള്ള അഭിപ്രായ ഭിന്നതയും കൂടുതൽ രൂക്ഷമായിരിക്കുകയാണ്. വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പിൽ കുമ്മനം രാജശേഖരന് സ്ഥാനാർത്ഥിത്വം നിക്ഷേധിച്ചതിന് പിന്നാലെയാണ് ആർഎസ്എസും ബിജെപിയും തമ്മിലുളള ബന്ധം വഷളായത്.
പുതിയ പ്രസിഡന്റിനെ നിശ്ചയിക്കുന്ന ചർച്ചകളിൽ ആർഎസ്എസ് സ്വാധീനം നിർണായകമാണ്. ആർഎസ്എസുമായി ചർച്ച ചെയ്തശേഷം പ്രസിഡന്റിന്റെ കാര്യത്തിൽ അവസാന തീരുമാനമെടുക്കാമെന്നതായിരുന്നു ബിജെപിയിലുണ്ടായ ധാരണ. എന്നാൽ ആർഎസ്എസിന്റെ ഭാഗത്തുനിന്നുണ്ടായ നിസ്സഹകരണം മൂലം നടക്കില്ലെന്ന് വ്യക്തമായപ്പോഴാണ് ദേശീയ സംഘടനാ ജനറൽ സെക്രട്ടറി യാത്ര മാറ്റിയത്. സംഘടനാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഡിസംബർ 15നകം ബിജെപി സംസ്ഥാന പ്രസിഡന്റിനെ നിശ്ചയിക്കാനാണു നിലവിൽ തീരുമാനം.