നെടുങ്കണ്ടം ഉരുട്ടിക്കൊല: പോലീസുകാരുടെ അറസ്റ്റ് വൈകിച്ച് ക്രൈംബ്രാഞ്ചിന്‍റെ ഒളിച്ചുകളി

Jaihind Webdesk
Sunday, July 7, 2019

Nedumkandam-custodymurdercase

നെടുങ്കണ്ടം ഉരുട്ടിക്കൊലയിൽ പ്രതി ചേർക്കപ്പെട്ട പോലീസുകാരുടെ അറസ്റ്റ് വൈകിപ്പിച്ച് ക്രൈംബ്രാഞ്ചിന്‍റെ ഒളിച്ചുകളി. മർദനത്തിൽ നേരിട്ട് പങ്കുള്ള രണ്ടും മൂന്നും പ്രതികളെ കസ്റ്റഡിയിലെടുത്തിട്ടും ക്രൈംബ്രാഞ്ച് ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയില്ല. ഇവരുടെ മൊഴിയെടുപ്പ് തുടരുകയാണ്. അതിനിടെ എസ്.പിയുടെ പങ്ക് വ്യക്തമായിട്ടും സ്ഥലംമാറ്റമല്ലാതെ ഇയാൾക്കെതിരെ കൂടുതൽ അന്വേഷണത്തിനും സംഘം മുതിർന്നിട്ടില്ല.

നെടുംങ്കണ്ടം കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് കേസിന്റെ അന്വേഷണം വഴിമാറുന്നതായി സൂചന. ഇടുക്കി എസ്.പിയെ സ്ഥലം മാറ്റുകയും രണ്ട് പോലീസുദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തതുമല്ലാതെ കേസിൽ മറ്റ് പുരോഗതികൾ ഇതുവരെ ഉണ്ടായിട്ടില്ല. മാത്രമല്ല ഉരുട്ടിക്കൊലക്കേസില്‍ കസ്റ്റഡിയിലുള്ള രണ്ടും മൂന്നും പ്രതികളായ എ.എസ്.ഐയുടെയും ഡ്രൈവറുടെയും അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല.

അതേസമയം സംഭവദിവസം നെടുങ്കണ്ടം സ്റ്റേഷനിലുണ്ടായിരുന്ന പോലീസുകാരുടെ മൊഴി ഇന്നലെ ക്രൈംബ്രാഞ്ച് രേഖപ്പെടുത്താൻ തുടങ്ങിയത് ഇന്നും തുടരും. രാജ്കുമാറിനെ നിരീക്ഷണത്തിൽ വെച്ച താലൂക്കാശുപത്രിയിൽ പരിക്കിന് കാരണമായി പോലീസ് പറഞ്ഞത് കള്ളമാണെന്നും കണ്ടെത്തിയിട്ടുണ്ട്. കുമാറിന്‍റെ ശരീരത്തിലെ പരിക്കുകൾ വീണപ്പോഴുണ്ടായതെന്നായിരുന്നു പോലീസ് പറഞ്ഞത്. രാജ്കുമാറിന്‍റെ കാൽ പരിശോധനയിലും പോലീസിന്‍റെ കള്ളത്തരം വെളിച്ചത്തായി. ഇതോടെ വിദഗ്ദ ചികിത്സ ലഭ്യമാക്കിയില്ല എന്നതും ജയിൽ അധികൃതരുടെ വീഴ്ചയും വ്യക്തമായി. ഓരോ ദിവസവും പീഡനമുറകൾ സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവരുന്നുണ്ടെങ്കിലും നടപടികള്‍ പ്രഹസനമായി മാറുകയാണ്.