നെടുങ്കണ്ടം കസ്റ്റഡി കൊലപാതകവുമായി ബന്ധപ്പെട്ട് ഹരിത ഫൈനാന്‍സ് കമ്പനി എം.ഡി ശാലിനിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. പണം കൈമാറിയത് ആർക്കെന്ന് അറിയാതിരിക്കാൻ രാജ്കുമാർ ശ്രദ്ധിച്ചിരുന്നതായി ശാലിനി മൊഴി നല്‍കി. ഒപ്പം കൊണ്ടു പോയിരുന്നെങ്കിലും തനിക്ക് വിലക്കുണ്ടായിരുന്നെന്നും ശാലിനി പറഞ്ഞു.
സമാഹരിച്ച തുക കൈമാറാൻ കൊണ്ടു പോകുമ്പോൾ ആർക്കാണ് നൽകുന്നതെന്നറിയാതിരിക്കാൻ രാജ്കുമാർ ശ്രദ്ധിച്ചിരുന്നു. ചില സമയങ്ങളിൽ തുക രാജ്കുമാറിന്‍റെ പക്കൽ കണ്ടിരുന്നതായും ശാലിനി ക്രൈംബ്രാഞ്ചിന് മൊഴി നൽകി. പോലീസ് കസ്റ്റഡിയിൽ മർദനമേറ്റതിനെ തുടർന്ന് ഹരിത ഫൈനാന്‍സ് തട്ടിപ്പ് കേസിലെ ഒന്നാം പ്രതി രാജ്കുമാർ ജയിലിൽ മരിച്ച സംഭവത്തിലാണ് ശാലിനിയെ ചോദ്യം ചെയ്തത്. റിമാന്‍ഡിലായിരുന്ന ശാലിനി ജാമ്യത്തിലിറങ്ങിയ ശേഷം 6 ദിവസം കാണാതാകുകയായിരുന്നു. നേരത്തെ നൽകിയ മൊഴിയുടെ തുടർച്ചയായാണ് ഇന്നലെ ശാലിനിയെ ചോദ്യം ചെയ്തത്.
കുമളിയിലാണ് ഓരോ ദിവസത്തെ കളക്ഷൻ കൈമാറിയതെന്നും കുമളിയിലെത്തിയാൽ കാറിന്‍റെ ഡ്രൈവറെയും തന്നെയും മാറ്റി നിർത്തി കുറച്ചകലെ പോയി തിരികെ വരികയാണ് രാജ്കുമാർ ചെയ്തിരുന്നതെന്നും ക്രൈംബ്രാഞ്ചിന് മുമ്പാകെ ശാലിനി മൊഴി നൽകി. കൂടുതൽ വിവരങ്ങൾ ചോദിച്ചാൽ താൻ മാത്രം അറിയേണ്ട കാര്യങ്ങളിൽ ഇടപെടരുതെന്ന് രാജ്കുമാർ താക്കീത് നൽകിയെന്നും പറയുന്നു. രാജ്കുമാർ മൂലമറ്റത്ത് വെച്ച് തന്നെ ഏൽപിച്ച ബാഗ് പരിശോധിച്ചപ്പോള്‍ ലഭിച്ച 4 പാസ്ബുക്കുകളിൽ ഒരെണ്ണത്തിൽ ഒരു കോടിയുടെ ബാങ്ക് ബാലൻസ് കണ്ടതായും ശാലിനി പറഞ്ഞു.