കരുണ സംഗീത നിശ വിവാദത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം

Jaihind News Bureau
Tuesday, February 18, 2020

കൊച്ചി : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനശേഖരണാർത്ഥം കൊച്ചിയിൽ സിനിമാ സംവിധായകൻ ആഷിഖ് അബുവിന്‍റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയുടെ പേരിൽ കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ തട്ടിപ്പ് നടത്തിയെന്ന പരാതി ക്രൈംബ്രാഞ്ച് അന്വേഷിക്കും. ജില്ലാ കളക്ടറുടെ നിർദ്ദേശ പ്രകാരം സിറ്റി പോലീസ് കമ്മീഷണർ വിജയ് സാഖറെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

ആഷിഖ് അബുവിന്‍റെ നേതൃത്വത്തിൽ നടന്ന സംഗീത നിശയെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഒരു യുവജന സംഘടനാ നേതാവ് ജില്ലാ കളക്ടർക്ക് നൽകിയ പരാതി കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് കൈമാറുകയായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ബിജി ജോർജിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

വിവാദം ഉണ്ടായ ശേഷം സംഘാടകരുടെ വിശദീകരണത്തിൽ ഉണ്ടായ അവ്യക്തതകളാണ് കൂടുതൽ സംശയങ്ങളിലേക്ക് വഴിവെച്ചത്. പരിപാടിയുടെ രക്ഷാധികാരിയായി തന്‍റെ പേര് അനുമതിയില്ലാതെ ഉപയോഗിച്ചതായുള്ള ജില്ലാ കളക്ടർ എസ് സുഹാസിന്‍റെ ആരോപണവും അന്വേഷണ പരിധിയിൽ വരും. വിവാദം ഉണ്ടാകും വരെ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാതിരുന്നത് എന്തുകൊണ്ടാണെന്നും ഇതിന് ഉത്തരവാദികൾ ആരാണെന്നും അന്വേഷിക്കും. ഈ ചോദ്യങ്ങൾക്കൊന്നും വ്യക്തമായ ഉത്തരം നൽകാൻ ഇതു വരെ സംഘാടകർക്കായിട്ടില്ല.

വിവാദമുണ്ടായപ്പോൾ ദുരിതാശ്വാസ നിധിയിലേക്ക് പണം സമാഹരിക്കാനല്ല പരിപാടി സംഘടിപ്പിച്ചതെന്ന കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍റെ വാദം തുടക്കത്തിൽ തന്നെ പൊളിഞ്ഞിരുന്നു. ദുരിതാശ്വാസ നിധിയുടെ പേരിൽ റീജണൽ സ്പോർട്സ് സെന്‍ററിന്‍റെ സഹകരണം അഭ്യർത്ഥിച്ച് നൽകിയ കത്ത് പുറത്തുവന്നതോടെയാണ് സംഘാടകർ കളവ് പറയുന്നതായുള്ള ആരോപണം ഉയർന്നത്. ഇനിയും സംഘാടകർ വ്യക്തമായ വിശദീകരണം നൽകാത്ത നിരവധി കാര്യങ്ങൾ അവശേഷിക്കുന്നുണ്ട്. ഇതും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തും.