കൊവിഡ് വ്യാപനത്തിനിടെ തൃശൂരിലും സിപിഎമ്മിന്‍റെ കൂട്ടത്തിരുവാതിര

Jaihind Webdesk
Sunday, January 16, 2022

 

തൃശൂരിലും നൂറോളം പേരെ പങ്കെടുപ്പിച്ച് സിപിഎമ്മിന്‍റെ തിരുവാതിരകളി. തിരുവനന്തപുരത്തെ മെഗാതിരുവാതിര വിവാദമായിരിക്കുന്നതിനിടെയാണ് തൃശൂരിലും സിപിഎം തിരുവാതിര സംഘടിപ്പിച്ചത്.

സിപിഎം തൃശൂർ ജില്ലാ സമ്മേളനത്തിന് മുന്നോടിയായി തെക്കുംകര വെസ്റ്റ് ലോക്കൽ കമ്മിറ്റിയാണ് തിരുവാതിരക്കളി സംഘടിപ്പിച്ചത്. ഊരോംകാട് ക്ഷേത്ര പരിസരത്തായിരുന്നു പരിപാടി. എന്നാല്‍ കൊവിഡ് മാനദണ്ഡം പാലിച്ചാണ് തിരുവാതിര സംഘടിപ്പിച്ചതെന്നാണ് സംഘാടകരുടെ വിശദീകരണം. എല്ലാവരും മാസ്ക്ക് ധരിച്ചിരുന്നു. സാമൂഹിക അകലം പാലിച്ചാണ് തിരുവാതിര കളിച്ചതെന്നും പാര്‍ട്ടി വിശദീകരിക്കുന്നു.

പാറശാലയിൽ മെഗാ തിരുവാതിരക്കളി സംഘടിപ്പിച്ചതില്‍ വീഴ്ച പറ്റിയെന്ന് പാർട്ടിതന്നെ സമ്മതിച്ചിരിക്കെയാണ് വീണ്ടും സമാന പരിപാടി തൃശൂരില്‍ അവതരിപ്പിച്ചത്. അതേസമയം തിരുവാതിരകളി പോലെ ആളുകൾ കൂടുന്ന പരിപാടികൾ നിർത്തിവെക്കാൻ നിർദേശം നൽകിയതായി ജില്ലാ നേതൃത്വം അറിയിച്ചു. ഈ മാസം 21,22, 23 തീയതികളിലായാണ് സിപിഎം തൃശൂർ ജില്ലാ സമ്മേളനം.