സിപിഎമ്മിന് കൊവിഡ് നിയന്ത്രണങ്ങൾ ബാധകമല്ല : പാർട്ടി സമ്മേളനത്തിന് 502 പേരെ അണിനിരത്തി മെഗാതിരുവാതിര

Jaihind Webdesk
Wednesday, January 12, 2022

സംസ്ഥാനത്ത് ഒമിക്രോൺ-കൊവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കെ 502 പേരെ അണിനിരത്തിയുള്ള മെഗാ തിരുവാതിര സംഘടിപ്പിച്ച് സിപിഎം.  തിരുവനന്തപുരം ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ചാണ് സിപിഎമ്മിന്‍റെ  തിരുവാതിരക്കളി. പാറശാല ജനാധിപത്യ മഹിള അസോസിയേഷൻ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി അവതരിപ്പിച്ചത്. ചെറുവാരക്കോണം സിഎസ്ഐ സ്‌കൂൾ ഗ്രൗണ്ടിലായിരുന്നു മെഗാ തിരുവാതിര. അനാവശ്യ ആള്‍കൂട്ടങ്ങളും യാത്രകളും ഒഴിവാക്കണമെന്ന് ആരോഗ്യമന്ത്രി ജനങ്ങളോട് ആഹ്വാനം ചെയ്യുമ്പോഴാണ് സിപിഎമ്മിന്‍റെ പരസ്യമായ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം.

വെള്ളിയാഴ്ച്ചയാണ് തിരുവനന്തപുരം സിപിഎം ജില്ലാ സമ്മേളനത്തിന് തുടക്കമാകുന്നത്. പിണറായി സർക്കാരിനെ പുകഴ്ത്തിയുള്ള ഗാനത്തിനൊപ്പം നൃത്ത ചുവടുകളുമായി വിദ്യാർഥികളെയും  വീട്ടമ്മമാരെയും സിപിഎം അണിനിരത്തി. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ വി ആർ സലൂജ തിരുവാതിര കളിക്ക് നേതൃത്വം നൽകി. പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി, ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ അടക്കം നൂറോളം പേർ തിരുവാതിര കാണാൻ എത്തിയിരുന്നു.