മന്ത്രി സുധാകര കവിക്കെതിരെ ആലപ്പുഴ സി.പി.എമ്മില്‍ വിഭാഗീയതയുടെ കവിയരങ്ങ്

Jaihind Webdesk
Monday, August 19, 2019

‘നീ ചരിക്കുന്ന സ്റ്റേറ്റ് കാറിന്‍റെ

ടയറിന്‍റെ പേരാണ് ഓമനക്കുട്ടന്‍.

നീ ഇരിക്കുന്ന കൊമ്പന്‍റെ തൂണുപോലുള്ള

നാലുകാലിന്‍റെ പേരാണ് ഓമനക്കുട്ടന്‍.

നീ മൊഴിയുന്ന പൊട്ടത്തരങ്ങളില്‍

കവിത കണ്ടെത്തി സായൂജ്യമടയുന്നോന്‍…

ജീവിതം കൊണ്ട് കവിത രചിച്ചോന്‍
റോയല്‍റ്റി വാങ്ങാത്തോന്‍…

സന്നിധാനത്തിലെ കഴുതയെപ്പോല്‍

ഒത്തിരിപ്പേര്‍ ചുമടെടുക്കുന്ന കൊണ്ടത്രേ

ആനപ്പുറത്ത് നീ തിടമ്പുമായി ഇരിക്കുന്നു…

ആരാണ് നീ ഒബാമ… ഇവനെ വിധിപ്പാന്‍…

ഓമനക്കുട്ടന്‍ വിവാദം സി.പി.എമ്മില്‍ പൊടിപൊടിക്കുന്നതിനിടെ കഴിഞ്ഞ ദിവസം ചേര്‍ത്തല കൊക്കോതമംഗലം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പ്രവീണ്‍ ജി പണിക്കര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കവിതയാണിത്. ആലപ്പുഴയിലെ ദുരിതാശ്വാസ ക്യാമ്പില്‍ പണം പിരിച്ചെന്ന ആരോപണം നേരിട്ട ഓമനക്കുട്ടനെ രൂക്ഷമായി വിമര്‍ശിച്ച മന്ത്രി ജി സുധാകരനെ പരിഹസിച്ചെഴുതിയ കവിതയാണ് സി.പി.എമ്മില്‍ വിവാദം സൃഷ്ടിക്കുന്നത്. സംഭവം വിവാദമായതിന് പിന്നാലെ പോസ്റ്റ് ഡിലീറ്റ് ചെയ്തെങ്കിലും കവിത ഉയര്‍ത്തിയ അലയൊലികള്‍ സി.പി.എമ്മില്‍ അടങ്ങുന്നില്ല.

പണം പിരിച്ചെന്ന ആരോപണമുയര്‍ന്നതിന് പിന്നാലെ ഓമനക്കുട്ടനെ സസ്പെന്‍ഡ് ചെയ്ത നടപടിയും തുടര്‍ന്ന് മന്ത്രി ജി സുധാകരന്‍ ഓമനക്കുട്ടനെ അതിരൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയതിനെയുമൊക്കെയാണ് കവിതയിലൂടെ പ്രവീണ്‍ ജി പണിക്കര്‍ രൂക്ഷമായി വിമർശനവിധേയമാക്കിയത്. മന്ത്രി ജി സുധാകരന്‍ എഴുതിയ ‘സന്നിധാനത്തിലെ കഴുത’ എന്നതിന് സമാനമായ പേരിലായിരുന്നു ലോക്കല്‍ സെക്രട്ടറിയുടെയും രചന. ‘ദുരിതാശ്വാസ ക്യാമ്പിലെ കഴുത’ എന്ന പേരില്‍ ഫേസ്ബുക്കില്‍ കുറിച്ച കവിതയിലൂടെ സാധാരണ പാര്‍ട്ടിപ്രവർത്തകർ പണിയെടുക്കുന്നതുകൊണ്ടാണ് നേതാക്കള്‍ക്ക് ആഡംബരജീവിതം സാധ്യമാകുന്നതെന്ന് ഓർമിപ്പിക്കുന്നു.

നീ ചരിക്കുന്ന സ്റ്റേറ്റ് കാറിന്‍റെ പേരാണ് ഓമനക്കുട്ടന്‍…

നീ ഇരിക്കുന്ന കൊമ്പന്‍റെ തൂണുപോലുള്ള നാലുകാലിന്‍റെ പേരാണ് ഓമനക്കുട്ടന്‍…

നീ മൊഴിയുന്ന പൊട്ടത്തരങ്ങളില്‍ കവിത കണ്ടെത്തി സായൂജ്യമടയുന്നോന്‍…

സന്നിധാനത്തിലെ കഴുതയെപ്പോല്‍ ഒത്തിരിപ്പേര്‍ ചുമടെടുക്കുന്ന കൊണ്ടത്രേ,

ആനപ്പുറത്ത് നീ തിടമ്പുമായി ഇരിക്കുന്നു..

ഇത്തരത്തില്‍ മന്ത്രി സുധാകരനെതിരായ അതിരൂക്ഷമായ വിമർശനമാണ് കവിതയിലൂടെ ലോക്കല്‍ സെക്രട്ടറി നടത്തിയത്. സാധാരണ പാര്‍ട്ടി പ്രവര്‍ത്തകന്‍ നേതാക്കള്‍ക്കുവേണ്ടി പണിയെടുക്കുന്ന കഴുതയാണെന്നും അതുകൊണ്ടാണ് നേതാക്കള്‍ക്ക് ഇത്തരത്തില്‍ കഴിയാനാകുന്നതെന്നുമാണ് കവിതയിലൂടെ പ്രവീണ്‍ പറഞ്ഞുവെച്ചത്.

സംഭവം വിവാദമായതോടെ തന്‍റെ കവിത മന്ത്രിക്കെതിരെ ആയിരുന്നില്ലെന്ന ദുർബല വാദവുമായി പ്രവീണ്‍ തന്നെ രംഗത്തെത്തിയെങ്കിലും ഇക്കാര്യത്തില്‍ സി.പി.എമ്മിനുള്ളില്‍ രൂക്ഷമായ അഭിപ്രായഭിന്നതയാണ് നിലനില്‍ക്കുന്നത്. പോസ്റ്റ് നീക്കം ചെയ്തെങ്കിലും പ്രവീണിന്‍റെ കവിതയുടെ സ്ക്രീന്‍ ഷോട്ടുകളും പ്രചരിക്കപ്പെട്ടു. അതേസമയം മന്ത്രിക്കെതിരെ നടത്തിയ വിമര്‍ശനത്തിന് പിന്നാലെ പ്രവീണിനെതിരെ നടപടിക്ക് നീക്കമുണ്ടെന്നാണ് റിപ്പോർട്ട്. ചേര്‍ത്തലയിലെ കയര്‍ സൊസൈറ്റിയിലെ സെക്രട്ടറിയായ വനിതയോടു മോശമായി പെരുമാറിയതിന് പ്രവീണിനെതിരെ കേസെടുത്തതായാണ് വിവരം.