2005ല്‍ ‘തൊട്ടുകൂടായ്മ’ 2020ല്‍ ‘ഇഷ്ടക്കാരന്‍’; പ്രൈസ് വാട്ടര്‍ഹൗസ്‌ കൂപ്പേഴ്‌സില്‍ സി.പി.എമ്മിന്‍റെ മലക്കംമറിച്ചില്‍

 

ഇ-മൊബിലിറ്റി പദ്ധതിക്കായി കരാര്‍ നല്‍കിയ പ്രൈസ് വാട്ടര്‍ഹൗസ്‌ കൂപ്പേഴ്‌സ് കമ്പനിക്കെതിരെ സി.പി.എമ്മിന്‍റെ ഇരട്ടത്താപ്പ്. പ്രൈസ് വാട്ടര്‍ഹൗസ്‌ കൂപ്പേഴ്‌സിനെതിരെ 2005 ല്‍ സി.പി.എം പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. ലോക ബാങ്കിന്‍റെ അവിഹിത ഇടപെടലിലൂടെയും വിരട്ടലിലൂടെയും കണ്‍സള്‍ട്ടന്‍സി കരാര്‍ നേടുന്ന സ്ഥാപനമാണ് പ്രൈസ് വാട്ടര്‍ കൂപ്പേഴ്‌സ് എന്നായിരുന്നു പ്രധാനമന്ത്രിക്ക് എഴുതിയ കത്തിന്‍റെ ഉള്ളടക്കം.

ഡൽഹി ജല ബോർഡ് സ്വകാര്യവത്ക്കരിക്കാൻ നീക്കമുണ്ടായപ്പോഴാണ് ലോക ബാങ്കിന്‍റെയും പ്രൈസ് വാട്ടര്‍ കൂപ്പേഴ്‌സിന്‍റേയും  നടപടികളെക്കുറിച്ച് ആരോപണമുന്നയിച്ച് ഇടതു പാർട്ടികൾ 2005 സെപ്റ്റംബർ 23ന് അന്ന് പ്രധാനമന്ത്രിയായിരുന്ന ഡോ. മൻമോഹൻ സിംഗിന് കത്തെഴുതിയത്. സി.പി.എം ജനറൽ സെക്രട്ടറിയായിരുന്ന പ്രകാശ് കാരാട്ട്, സി.പി.ഐ ജനറൽ സെക്രട്ടറിയായിരുന്ന അന്തരിച്ച എ.ബി ബർദൻ, ഫോർവേഡ് ബ്ലോക്ക് ജനറൽ സെക്രട്ടറി ദേബബ്രത ബിശ്വാസ്, ആർ.എസ്.പി സെക്രട്ടറി അബനി റോയി എന്നിവരാണ് കത്തിൽ ഒപ്പുവെച്ചത്.

ഇതേ കമ്പനിക്കാണ് 4,500 കോടി രൂപ മുടക്കി 3000 ഇലക്ട്രിക് ബസുകൾക്കായുള്ള ഇ-മൊബിലിറ്റി പദ്ധതിയുടെ കരാര്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തില്‍ നല്‍കാന്‍ തീരുമാനമായത്. ചട്ടങ്ങളും നിയമങ്ങളും കാറ്റില്‍ പറത്തിയാണ് പിണറായി സർക്കാര്‍ പ്രൈസ് വാട്ടര്‍ഹൗസ്‌ കൂപ്പേഴ്‌സിന് കരാര്‍ നല്‍കിയത്. ഇതോടൊപ്പം നിരവധി അഴിമതി ആരോപണങ്ങളും സെബിയുടെ നിരോധനവും നേരിടുന്ന കമ്പനികൂടിയാണ് പ്രൈസ് വാട്ടര്‍ കൂപ്പേഴ്സ്. സത്യം കുംഭകോണം, നികുതിവെട്ടിപ്പ് ഉള്‍പ്പെടെ 9 കേസുകളും കമ്പനിക്കെതിരെയുണ്ട്.

Comments (0)
Add Comment