ജയരാജ സ്തുതികളുമായി അരങ്ങു തകർക്കുന്നവര്‍ വെല്ലുവിളിക്കുന്നത് ഇന്നാട്ടിലെ ജനങ്ങളെയെന്ന് വി.ടി ബല്‍റാം

Jaihind Webdesk
Monday, March 11, 2019

പി. ജയരാജന്‍റെ സ്ഥാനാർത്ഥിത്ത്വം അക്രമ രാഷ്ട്രീയത്തിനെതിരായ സന്ദേശമാണെന്ന അപഹാസ്യമായ അവകാശവാദം കോടിയേരി ബാലകൃഷ്ണനേപ്പോലുള്ളവർ മുന്നോട്ടു വയ്ക്കുന്നതിനെ പരിഹസിച്ച് വി.ടി. ബല്‍റാം. കൊലപാതക രാഷ്ട്രീയത്തെക്കുറിച്ചും അതിൽ കണ്ണൂരിലെ ചില സിപിഎം നേതാക്കളുടെ പങ്കിനേക്കുറിച്ചും വലിയ ചർച്ചകളുയരുന്ന ഇക്കാലത്ത് പോലും ഇങ്ങനെയൊരാളെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ സിപിഎം ഇന്നാട്ടിലെ ജനങ്ങളെയാണ് വെല്ലുവിളിക്കുന്നത്. ദിലീപിന്‍റെ ‘രാമലീല’ ബോക്സോഫീസിൽ വിജയിച്ചപ്പോൾ അത് അയാൾ സഹപ്രവർത്തകയായ നടിയെ ആക്രമിച്ച കേസിന് ജനകീയ കോടതി നൽകിയ കുറ്റവിമുക്തിയായി വ്യാഖ്യാനിക്കപ്പെട്ടത് പോലെതന്നെയാണ് ഇതെന്നും ഫെയ്സ്ബുക്ക് പോസ്റ്റില്‍ അദ്ദേഹം പറയുന്നു.

 

ഫെയ്സ് ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം വായിക്കാം…

ദിലീപിന്റെ ‘രാമലീല’ ബോക്സോഫീസിൽ വിജയിച്ചപ്പോൾ അത് അയാൾ സഹപ്രവർത്തകയായ നടിയെ ആക്രമിച്ച കേസിന് ജനകീയ കോടതി നൽകിയ കുറ്റവിമുക്തിയായി വ്യാഖ്യാനിക്കപ്പെട്ടത് നമുക്കോർമ്മയുണ്ട്.

വടകരയിൽ പി ജയരാജനെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ സിപിഎമ്മും ലക്ഷ്യം വക്കുന്നത് ഇതു തന്നെയാണ്. ജയരാജന്‍റെ സ്ഥാനാർത്ഥിത്ത്വം അക്രമ രാഷ്ട്രീയത്തിനെതിരായ സന്ദേശമാണെന്ന അപഹാസ്യമായ അവകാശവാദം കോടിയേരി ബാലകൃഷ്ണനേപ്പോലുള്ളവർ മുന്നോട്ടു വയ്ക്കുകയും ചെയ്യുന്നു. ഫേസ്ബുക്കിൽ സെബിൻ ജേക്കബ്, കെ ജെ ജേക്കബ്, ജി പി രാമചന്ദ്രൻ തുടങ്ങിയ ആസ്ഥാന സിപിഎം ബുദ്ധി ഉപദേശക കേന്ദ്രങ്ങളൊക്കെ ഇപ്പോൾ ജയരാജ സ്തുതികളുമായി അരങ്ങു തകർക്കുകയാണ്. വെറും എംപിയല്ല മന്ത്രിയാവേണ്ട ആളാണ് ജയരാജൻ എന്നാണ് അവരുടെയൊക്കെ ആഗ്രഹമത്രേ!

കൊലപാതക രാഷ്ട്രീയത്തെക്കുറിച്ചും അതിൽ കണ്ണൂരിലെ ചില സിപിഎം നേതാക്കളുടെ പങ്കിനേക്കുറിച്ചും വലിയ ചർച്ചകളുയരുന്ന ഇക്കാലത്ത് പോലും ഇങ്ങനെയൊരാളെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ സിപിഎം ഇന്നാട്ടിലെ ജനങ്ങളെയാണ് വെല്ലുവിളിക്കുന്നത്. ആ വെല്ലുവിളി ഏറ്റെടുക്കേണ്ടത് വടകരയിലെ സമാധാനകാംക്ഷികളായ വോട്ടർമാരാണ്. മറ്റേതെങ്കിലും കാരണങ്ങൾ പരിഗണിച്ചുകൊണ്ട് നിങ്ങൾ ആ പാർട്ടിക്കും സ്ഥാനാർത്ഥിക്കും നൽകുന്ന പിന്തുണ പോലും നിഷ്ഠൂരമായ കൊലപാതകങ്ങൾക്കുള്ള ലൈസൻസായാണ് നാളെകളിൽ വ്യാഖ്യാനിക്കപ്പെടാൻ പോകുന്നത് എന്നേ തൽക്കാലം ഓർമ്മപ്പെടുത്താനുള്ളൂ.