ദളിത് യുവതിയെ പീഡിപ്പിച്ച സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഒളിവില്‍ ; അറസ്റ്റ് വൈകുന്നതിനെതിരെ പ്രതിഷേധം

Jaihind News Bureau
Monday, September 21, 2020

മലപ്പുറം : ദളിത് യുവതിയെ പീഡിപ്പിച്ച സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പൊലീസ് കേസ് എടുത്തു. പഞ്ചായത്ത് അംഗം കൂടിയായ മലപ്പുറം മങ്കട സ്വദേശി ഫെബിൻ വേങ്ങശേരിക്കെതിരെയാണ് പൊലീസ് കേസ് എടുത്തത്. പ്രതിയെ എത്രയും വേഗം അറസ്റ്റ് ചെയ്തില്ലെങ്കില്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങുകയാണ് യുവജനസംഘടനകള്‍.

സി.പി.എം മലപ്പുറം പെരിന്താറ്റിരി ബ്രാഞ്ച് സെക്രട്ടറിയാണ് ഫെബിൻ വേങ്ങശേരി. മാസങ്ങൾക്ക് മുന്നെയാണ് ഫെബിൻ യുവതിയെ പീഡിപ്പിച്ചത്. കഴിഞ്ഞ ദിവസമാണ് യുവതി പൊലീസിൽ പരാതി നൽകിയത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മങ്കട പൊലീസ് കേസ് എടുത്തു.

സി.പി.എം ബ്രാഞ്ച് സെക്രട്ടറിയായ ഫെബിൻ മക്കരപ്പറമ്പ് പഞ്ചായത്ത് അഞ്ചാം വാർഡ് അംഗം കൂടിയാണ്. പ്രതിക്കെതിരെ പ്രതിഷേധം കനത്തതോടെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും ഫെബിനെ നീക്കിയതായി സി.പി.എം ജില്ലാ നേതൃത്വം അറിയിച്ചു. എന്നാൽ പഞ്ചായത്ത് അംഗത്വം രാജിവെച്ചിട്ടില്ല. പൊലീസ് കേസ് എടുത്തതോടെ പ്രതി ഒളിവിൽ പോയിരിക്കുകയാണ്.

പെരിന്തൽമണ്ണ എ.എസ്.പി ഹേമലതയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു. പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ഇല്ലെങ്കിൽ സമര രംഗത്തേക്ക് ഇറങ്ങുമെന്നും യുവജന സംഘടനകൾ അറിയിച്ചു.