കീഴാറ്റൂരിലെ ജനങ്ങളെ വഞ്ചിക്കുന്നതിൽ CPM -BJP സർക്കാരുകൾ ഒരുപോലെ

Jaihind Webdesk
Wednesday, November 28, 2018

കീഴാറ്റൂരിലെ ജനങ്ങളെ ക്രൂരമായി വഞ്ചിക്കുന്നതിൽ സിപിഎം -ബിജെപി സർക്കാരുകൾ ഒരുപോലെത്തന്നെയാണെന്ന് ആവർത്തിച്ച് തെളിയിച്ചിരിക്കുകയാണെന്ന് വി.എം.സുധീരൻ.  ന്യായമായ ആവശ്യത്തെ മുൻനിർത്തി സമരരംഗത്ത് വന്ന കീഴാറ്റൂരിലെ വയൽ കിളികൾ വീണ്ടും ചതിക്കപ്പെട്ടു. ആദ്യമേ അവരെ വഞ്ചിച്ചത് സംസ്ഥാന സർക്കാരാണെങ്കിൽ ഇപ്പോൾ അവരെ വഞ്ചിച്ചത് കേന്ദ്രസർക്കാരാണ്.

നിയമപ്രകാരം നടത്തേണ്ട പാരിസ്ഥിതിക പരിശോധനയോ സാമൂഹ്യ ആഘാതപഠനമോ കൃത്യമായി നടത്താതെ ബദൽ സാധ്യതകളെ കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തുന്ന നിലയിൽ പരിശോധിക്കാതെ മുന്നോട്ടുപോകുന്ന കേന്ദ്ര-സംസ്ഥാന ഭരണാധികാരികളുടെ തെറ്റായ നിലപാടാണ് വ്യാപകമായ ജനരോഷത്തിന് ഇടയാക്കിയത്.

എല്ലാം തങ്ങൾ നിശ്ചയിക്കും അതെല്ലാം ഏത് വിധത്തിലും നടത്തിയെടുക്കും എന്ന ഏകാധിപത്യ സമീപനമാണ് ബിജെപി- സിപിഎം ഭരണകൂടങ്ങൾ വച്ചുപുലർത്തുന്നത്.

പ്രളയാനന്തര കേരളത്തെ പുനർ നിർമ്മിക്കുന്നതിന് പരിസ്ഥിതി സൗഹൃദ സമീപനമാണ് വേണ്ടതെന്ന ശക്തമായ ജനാഭിപ്രായത്തെ പാടേ തള്ളിക്കളഞ്ഞുകൊണ്ടാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പോക്ക്. ഇത് തികച്ചും ആശങ്കാജനകമാണ്, പ്രതിഷേധാർഹമാണ്.