കള്ളവോട്ട് : തൃക്കരിപ്പൂരിൽ സിപിഎം പ്രവർത്തകനെതിരെ കേസെടുത്തു

Jaihind Webdesk
Saturday, May 4, 2019

കാസർകോട് ലോക്സഭാ മണ്ഡലത്തിലെ തൃക്കരിപ്പൂരിൽ കള്ളവോട്ട് ചെയ്തതായി കണ്ടെത്തിയ സിപിഎം പ്രവർത്തകനെതിരെ കേസെടുത്തു. ചീമേനി സ്വദേശി കെ. ശ്യാംകുമാറിനെതിരെയാണ് കേസെടുത്തിരിക്കുന്നത്.

തൃക്കരിപ്പൂർ മണ്ഡലത്തിലെ 48-ാം നമ്പർ ബൂത്തിൽ ശ്യാംകുമാർ കള്ളവോട്ട് ചെയ്തതായി കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. പ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 171, ഉപവകുപ്പുകളായ സി, ഡി, എഫ് തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

അവിഹിതമായ സ്വാധീനം ഉപയോഗിച്ച് ആൾമാറാട്ടം നടത്തി മറ്റൊരാളുടെ വോട്ട് രേഖപ്പെടുത്തി എന്നതാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. ഇതുസംബന്ധിച്ച് കാസർകോട് കളക്ടർ ഡോ. ഡി. സജിത്ബാബു അന്വേഷിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയ്ക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഇയാൾക്കെതിരെ കേസെടുക്കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ കഴിഞ്ഞ ദിവസം ഉത്തരവിട്ടു. തുടർന്ന് ശ്യാംകുമാറിനെതിരെ കേസെടുക്കാൻ കളക്ടർ ജില്ലാ പോലീസ് മേധാവിക്ക് നിർദേശം നൽകുകയായിരുന്നു.[yop_poll id=2]