സി.പി.എമ്മില്‍ ലയിക്കാന്‍ തുനിഞ്ഞ സി.എം.പിക്കാര്‍ക്ക് കോടതി നോട്ടീസ്

Jaihind Webdesk
Saturday, January 19, 2019

കൊച്ചി: സി.എം.പിയില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ് സി.പി.എമ്മില്‍ ലയിക്കാനുള്ള ഒരുവിഭാഗത്തിന്റെ നീക്കത്തിന് തിരിച്ചടി. ലയനനീക്കം പാര്‍ട്ടിയുടെ ഭരണഘടനയ്ക്ക് എതിരാണെന്നും നിയമവിരുദ്ധമായി പ്രഖ്യാപിക്കണം എന്നുമാവശ്യപ്പെട്ട് സി.എം.പി സ്ഥാപക നേതാവ് എം.വി രാഘവന്റ മകനും സംസ്ഥാന സെക്രട്ടറിയുമായ എംവി രാജേഷ് നല്‍കിയ ഹര്‍ജിയിലാണ് എറണാകുളം മുന്‍സിഫ് കോതി നോട്ടീസ് അയച്ചു.

എം.കെ. കണ്ണന്‍, ടി.സി.എച്ച് വിജയന്‍, പാട്യം രാജന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ലയനനീക്കം നടന്നിരുന്നത്. ഇവര്‍ക്കാണ് ഇപ്പോള്‍ അടിയന്തര നോട്ടീസ് അയച്ചിരിക്കുന്നത്. ലയനതീരുമാനത്തെ എതിര്‍ത്ത തന്നെയുള്‍പ്പെടെ എം.കെ കണ്ണന്‍ വാര്‍ത്താ സമ്മേളനത്തിലൂടെ പുറത്താക്കിയതും കോടതി തടഞ്ഞുവെന്ന് രാജേഷ് വ്യക്തമാക്കി.

എം.കെ കണ്ണന്‍ നേതൃത്വം നല്‍കുന്ന ഇടതുമുന്നണി വിഭാഗമാണ് സി.പി.എമ്മില്‍ ലയിക്കാന്‍ ഒരുങ്ങുന്നത്. ലയന സമ്മേളനം ഫെബ്രുവരി മൂന്നിന് കൊല്ലത്ത് നടക്കുമെന്ന് എം.കെ കണ്ണന്‍ നേരത്തെ കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. ഫെബ്രുവരി മൂന്നിന് നടത്താനിരുന്ന ലയന സമ്മേളനം ഇതോടെ നീട്ടിവെയ്ക്കുമെന്നാണ് വിവരം.

എം വി രാഘവന്റെ മകന്‍ എം.വി രാജേഷിനെ നേരത്തെ പുറത്താക്കിയിരുന്നു. സിഎംപിയുടെ നിയന്ത്രണത്തിലുള്ള ജില്ലാ കമ്മറ്റി ഓഫീസുകള്‍ ട്രസ്റ്റിന്റെ കീഴിലാണ് പ്രവര്‍ത്തിച്ചു വരുന്നത്. അത് അതേ നിലയില്‍ നില നില്‍ക്കും. പിന്നീട് ഓഫീസ് സംബന്ധിച്ച തീരുമാനം സിപിഎം തീരുമാനിക്കും.