മാധ്യമപ്രവർത്തകന് നേരെ സിപിഐഎം ആക്രമണം; ജയ്‌ഹിന്ദ്‌ ന്യൂസ് ഇടുക്കി റിപ്പോർട്ടർ അലൻ നിഥിൻ സ്റ്റീഫന് മർദനമേറ്റു

Jaihind Webdesk
Saturday, December 23, 2023

ജയ്‌ഹിന്ദ്‌ ന്യൂസ് ഇടുക്കി റിപ്പോർട്ടർ അലൻ നിഥിൻ സ്റ്റീഫനെയാണ് മർദിച്ചത്. ശാന്തൻപാറ ഖജനാപാറയിലെ സിപിഎം നേതാക്കളുടെ അനധികൃത പാറമടയ്ക്കെതിരെ വാർത്ത പുറത്തുകൊണ്ടുവന്നതായിരുന്നു പ്രകോപന കാരണം. പരിക്കേറ്റ അലൻ അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

ഇടുക്കി ഉടുമ്പൻചോല ഖജനാപാറയിൽ സിപിഎം നേതാക്കൾ അനധികൃതമായി നടത്തിയിരുന്ന പാറമടയെ സംബന്ധിച്ച വാർത്ത ജയ്ഹിന്ദ് ന്യൂസ് പുറത്തുകൊണ്ടുവന്നിരുന്നു. മുൻമന്ത്രിയും സിപിഎം എംഎൽഎയുമായ എംഎം മണിയുടെ മണ്ഡലത്തിൽപ്പെട്ട സ്ഥലത്ത് പാറമട പ്രവർത്തിച്ചിരുന്നത് എംഎൽഎയുടെയും ഉന്നത സിപിഎം നേതാക്കളുടെയും ഒത്താശയോടെയാണ്. ജില്ലാ നേതാക്കളുടെ കുടുംബക്കാരുടെ വാഹനങ്ങൾ ഉപയോഗിച്ചാണ് ഇവിടെ നിന്നും 100 കണക്കിന് ലോഡ് പാറ അനതികൃതമായി കടത്തിയത്. തോക്കുമായി ഗുണ്ടകളെ കാവൽ നിർത്തിയായിരുന്നു പാറഖനനം നടന്നിരുന്നത്. ഇത് ദൃശ്യങ്ങൾ സഹിതമാണ് ജയ്ഹിന്ദ് ന്യൂസ് വാർത്തയാക്കിയത്.

ഇതോടെ പാറമടയുടെ പ്രവർത്തനം ജില്ലാ ഭരണകൂടം ഇടപെട്ട് നിർത്തിയിരുന്നു. ഇത് വീണ്ടും തുറക്കാൻ ശ്രമിച്ച നേതാക്കളുടെ വാർത്ത ശേഖരിക്കാൻ പോകുന്നതിനിടെ രാജാക്കാട് വച്ചും സമാന രീതിയിൽ ആക്രമിക്കാൻ ശ്രമം നടന്നിരുന്നു. തുടർന്നാണ് കഴിഞ്ഞദിവസം ഇടുക്കി അടിമാലിയിൽ വാർത്ത റിപ്പോർട്ട് ചെയ്തതിനുശേഷം ഇരുചക്ര വാഹനത്തിൽ മടങ്ങുകയായിരുന്ന അലന് നേരെ ആറോളം വരുന്ന ഡിവൈഎഫ്ഐ സിപിഐഎം പ്രവർത്തകർ ഇരുമ്പ് കമ്പിയും കല്ലും ഉൾപ്പെടെയുള്ള മാരക ആയുധങ്ങളുമായി ചാടി വീണ് അക്രമിക്കുകയായിരുന്നു. ഡിവൈഎഫ്ഐ അടിമാലി ബ്ലോക്ക് സെക്രട്ടറി സി എസ് സുധീഷ്, സിപിഐഎം മീഡിയ കോഡിനേറ്റർ ഹാരിസ് കെ എ, ലോക്കൽ കമ്മിറ്റി അംഗം പ്രതീഷ് ജോൺ, ബ്രിട്ടോ എന്നിവരുടെ നേതൃത്വത്തിലാണ് ആക്രമണം നടത്തിയത്.

സാരമായി പരിക്കേറ്റ അലനെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആദ്യം കേസെടുക്കാൻ തയ്യാറാകാതിരുന്ന അടിമാലി പോലീസ്, പ്രതിഷേധത്തെ തുടർന്ന് നിസ്സാര വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്യുകയാണ് ചെയ്തത്.
മാരകായുധങ്ങൾ ഉൾപ്പെടെ ഉപയോഗിച്ച് നടുറോട്ടിൽ വെച്ച് ആക്രമിക്കുകയും തലയ്ക്ക് കമ്പി വടി ഉപയോഗിച്ച് അടിക്കുകയും ചെയ്തിട്ടും സ്റ്റേഷൻ ജാമ്യം ലഭിക്കുന്ന നിസ്സാര വകുപ്പുകൾ ചുമത്തി കേസെടുത്ത് പ്രതികളെ ജാമ്യത്തിൽ വിടാനാണ് പോലീസ് ശ്രമിക്കുന്നത്.