ഉറവിടമറിയാത്ത രോഗികള്‍ കൂടുന്നു; തിരുവനന്തപുരത്ത് കടുത്ത നിയന്ത്രണം, കൂടുതല്‍ കണ്ടെയിൻമെന്‍റ് സോണുകള്‍

 

ഉറവിടമറിയാത്ത കൊവിഡ്  കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ തിരുവനന്തപുരത്ത് കടുത്ത നിയന്ത്രണങ്ങൾ. തലസ്ഥാനത്ത് പുതിയ 4 കണ്ടെയിൻമെൻ്റ് സോണുകൾ കൂടി പ്രഖ്യാപിച്ചു.  പുതിയ കണ്ടെയ്ന്‍മെന്‍റ്  സോണുകളിലേക്കുള്ള റോഡുകളും അടച്ചു. തലസ്ഥാനത്തെ എല്ലാ വ്യാപാര കേന്ദ്രങ്ങളിലും കർശന നിയന്ത്രണങ്ങൾ നടപ്പാക്കും. സെക്രട്ടറിയേറ്റിലേക്കുള്ള  പ്രവേശനത്തിനും  കടുത്ത നിയന്ത്രണം ഉണ്ട്.

രോഗബാധയുടെ ഉറവിടം അറിയാത്ത പതിനഞ്ചോളം രോഗികളാണ് തലസ്ഥാനത്ത് ഉള്ളത്. ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച പൊലീസുകാരന് എവിടെ നിന്നാണ് രോഗബാധ ഉണ്ടായത് എന്നത് അവ്യക്തം. സെക്രട്ടറിയേറ്റിന് മുന്നിലും കണ്ടെയിൻമെന്‍റ് സോണായ  ആനയറയിലും ഇയാൾ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിൽ സെക്രട്ടറിയേറ്റിന് നിയന്ത്രണങ്ങൾ കർശനമാക്കി.  പൊലീസുകാരൻ എത്തിയ നന്ദാവനം എ ആർ ക്യാമ്പ്, സെക്രട്ടേറിയറ്റ്, കമ്മീഷണർ ഓഫീസ് തുടങ്ങിയ സ്ഥലങ്ങൾ നഗരസഭയുടെ നേതൃത്വത്തിൽ അണുവിമുക്തമാക്കി. നഗര പ്രദേശത്ത് സ്ഥിതി ആശങ്കാജനകമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി. തലസ്ഥാനം സാമൂഹ്യ വ്യാപനത്തിലേക്ക് നീങ്ങുകയാണെന്ന് മേയർ കെ ശ്രീകുമാറും പറഞ്ഞു.
തലസ്ഥാനത്തെ എല്ലാം വ്യാപാര കേന്ദ്രങ്ങളിലേക്കും നിയന്ത്രണം വ്യാപിപ്പിച്ചു. ജില്ലയിൽ കൂടുതൽ പ്രദേശങ്ങൾ കണ്ടെയിൻമെന്‍റ് സോണുകളായി പ്രഖ്യാപിച്ചു. അതേസമയം നഗരം ഇപ്പോൾ പൂർണമായും അടക്കേണ്ട സാഹചര്യമില്ലെന്ന നിലപാടിലാണ് അധികൃതർ.
Comments (0)
Add Comment