സമ്പൂർണ്ണ ലോക്ക്ഡൗണ്‍: മേഖലകള്‍ തിരിച്ച് പാക്കേജുകള്‍ പ്രഖ്യാപിക്കണം; നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി പ്രധാനമന്ത്രിക്ക് സോണിയാ ഗാന്ധിയുടെ കത്ത്

Jaihind News Bureau
Thursday, March 26, 2020

ന്യൂഡല്‍ഹി: കൊവിഡ് ജാഗ്രതയെ തുടര്‍ന്ന് രാജ്യത്ത് സമ്പൂർണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ സാധാരണ ജനങ്ങള്‍ക്ക് സഹായം ഉറപ്പാക്കാന്‍ കേന്ദ്രം അടിയന്തരമായി സ്വീകരിക്കേണ്ട നിര്‍ദേശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ കത്ത്.

കൊവിഡ്  പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായിരിക്കുന്ന ഡോക്ടര്‍മാര്‍, നഴ്സുമാര്‍ , ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് ആവശ്യമായ സുരക്ഷാ ഉപകരണങ്ങള്‍ ഇനിയും ലഭ്യമായിട്ടില്ല. ഇവ അടിയന്തരമായി ലഭ്യമാക്കുന്നതിനുള്ള ഇലടപെടലുകള്‍ ഉണ്ടാകണം. ഇവര്‍ക്ക് സുരക്ഷ ഉറപ്പുവരുത്തുന്നതോടൊപ്പം പ്രത്യേക അലവന്‍സുകളും പ്രഖ്യാപിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

എല്ലാ തരത്തിലുള്ള ഇ.എം.ഐകളും ആറ് മാസത്തേക്ക് നിര്‍ത്തിവയ്ക്കുന്നതും ഇക്കാലയളവില്‍ ഈടാക്കുന്ന പലിശ ബാങ്കുകള്‍ ഒഴിവാക്കുന്നതും അടിയന്തരമായി പരിഗണിക്കണം. ദിവസവേതന തൊഴിലാളികള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, ഫാക്ടറി തൊഴിലാളികള്‍, നിര്‍മ്മാണ, അസംഘടിത തൊഴിലാളികള്‍, മത്സ്യത്തൊഴിലാളികള്‍, കാര്‍ഷിക തൊഴിലാളികള്‍ തുടങ്ങി  സമൂഹത്തിലെ ഏറ്റവും ദുര്‍ബല വിഭാഗങ്ങള്‍ക്ക് അടിയന്തരമായി സാമ്പത്തിക  സഹായം ലഭ്യമാക്കണം.

സംരഭങ്ങളും കമ്പനികളും സ്ഥിരവും താല്‍ക്കാലികവുമായ ജോലിക്കാരെ പിരിച്ചുവിടുകയും ചെയ്യുന്നുവെന്ന റിപ്പോര്‍ട്ടുകളുണ്ട്. പ്രയാസകരമായ ഈ കാലഘട്ടം മറികടക്കുന്നതിന് ഈ വിഭാഗങ്ങളിലേക്ക് നേരിട്ടുള്ള പണം കൈമാറ്റം ഉള്‍പ്പെടെയുള്ള വിശാലമായ സാമൂഹിക സംരക്ഷണ നടപടികള്‍  ഉടന്‍ നടപ്പാക്കേണ്ടതുണ്ടെന്നും സോണിയാ ഗാന്ധി കത്തിലൂടെ ആവശ്യപ്പെട്ടു.

കൊവിഡിനെ നേരിടാന്‍ 21 ദിവസം സമ്പൂര്‍ണ അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചത് സ്വാഗതാര്‍ഹമായ നടപടിയാണ്. പകര്‍ച്ചവ്യാധി നിയന്ത്രണവിധേയമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന ഓരോ നടപടികളെയും ഞങ്ങള്‍ പൂര്‍ണമായും പിന്തുണയ്ക്കുകയും സഹകരിക്കുകയും ചെയ്യുമെന്നും സോണിയാ ഗാന്ധി കത്തില്‍ അറിയിച്ചു.