കൊവിഡിലു‍ം കേരളം ഒന്നാമത് ; രാജ്യത്ത് വൈറസ് സ്ഥിരീകരിക്കുന്നതില്‍ നാലിലൊന്നും കേരളത്തില്‍

Jaihind Webdesk
Thursday, July 1, 2021

ന്യൂഡല്‍ഹി : സംസ്ഥാനത്തെ കൊവിഡ് വ്യാപനം അനിയന്ത്രിതമായി തുടരുന്ന സാഹചര്യത്തില്‍ കേരളത്തിന് മുന്നറിയിപ്പുമായി കേന്ദ്രആരോഗ്യമന്ത്രാലയം. നിയന്ത്രണങ്ങളില്‍ ഇളവ് നടപ്പാക്കുമ്പോള്‍ ജാഗ്രത വേണമെന്നും രോഗവ്യാപന നിരക്ക് പത്തില്‍ താഴേക്ക് എത്തിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. രാജ്യത്തെ ആകെ രോഗികളില്‍ നാലിലൊന്നും കേരളത്തിലാണെന്നും കേരളത്തിലെ കൊവിഡ് പ്രതിരോധത്തിന് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും കേന്ദ്രആരോഗ്യമന്ത്രാലയ വൃത്തങ്ങള്‍ പ്രതികരിച്ചു.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്നു നില്‍ക്കുന്ന എട്ടു ജില്ലകളാണ് സംസ്ഥാനത്തുള്ളത്. പാലക്കാട്, മലപ്പുറം, കൊല്ലം, കാസര്‍കോട്, തൃശൂര്‍, തിരുവനന്തപുരം, കണ്ണൂര്‍, കോഴിക്കോട് എന്നീ ജില്ലകളിലെ നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിക്കണം. പരിശോധന, നിരീക്ഷണം, ചികിത്സ, സാമൂഹ്യ അകലം അടക്കമുള്ള കാര്യങ്ങള്‍, വാക്സിനേഷന്‍ എന്നീ അഞ്ച് കാര്യങ്ങള്‍ സംസ്ഥാനത്ത് കൂടുതല്‍ കര്‍ശനമായി നടപ്പാക്കണം.

രോഗവ്യാപനം വര്‍ദ്ധിക്കുന്നത് തടയുകയും പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കാനും 8 ജില്ലകളില്‍ പ്രത്യേക നടപടികള്‍ സ്വീകരിക്കണം. ജില്ലാ ആക്ഷന്‍ പ്ലാന്‍, കേസുകളുടെ രേഖപ്പെടുത്തല്‍, വാര്‍ഡ്, ബ്ലോക്ക് തലത്തിലുള്ള പുനപരിശോധനകള്‍, നിരീക്ഷണ സംവിധാനങ്ങള്‍, കൊവിഡ് രോഗികളെ അതിവേഗത്തില്‍ ആശുപത്രിയിലോ ഐസൊലേഷന്‍ കേന്ദ്രങ്ങളിലോ എത്തിക്കല്‍, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുകള്‍, കണ്ടൈന്‍മെന്റ് സോണുകളില്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കുക തുടങ്ങി കാര്യങ്ങള്‍ 8 ജില്ലകളിലും അടിയന്തരമായി നടപ്പാക്കണമെന്നും കേന്ദ്രആരോഗ്യമന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷണ്‍ സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. വി.പി ജോയിക്ക് അയച്ച കത്തില്‍ അറിയിച്ചു.