കിഴക്കമ്പലത്ത് കൊവിഡ് വ്യാപനം രൂക്ഷം ; എഫ്.എൽ.ടി.സി പോലും ആരംഭിച്ചില്ല ; ഭരണസമിതിക്കെതിരെ പ്രതിഷേധം

Jaihind Webdesk
Thursday, May 13, 2021

 

കൊച്ചി : കൊവിഡ് വ്യാപനം രൂക്ഷമായ എറണാകുളം ജില്ലയിലെ കിഴക്കമ്പലം പഞ്ചായത്തിൽ ഇതുവരെ ഒരു എഫ്.എൽ.ടി.സി പോലും ആരംഭിക്കാത്ത പഞ്ചായത്ത് ഭരണസമിതിക്കെതിരെ ജനങ്ങളുടെ പ്രതിഷേധം ശക്തം. സ്വകാര്യ കമ്പനി നേതൃത്വം നൽകുന്ന ട്വൻ്റി ട്വൻ്റി ഭരിക്കുന്ന പഞ്ചായത്തിൽ രോഗവ്യാപനം നിയന്ത്രിക്കാൻ യാതൊരു നടപടിയും അധികൃതർ കൈക്കൊള്ളുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

കൊവിഡ് ബാധയെ തുടർന്ന് തൊഴുത്തിൽ അഭയം തേടിയ യുവാവ് കഴിഞ്ഞ ദിവസം മരണപ്പെട്ടിട്ടും ട്വൻ്റി ട്വൻ്റി ഭരണ സമിതി അനങ്ങാപ്പാറ നയമാണ് ഇപ്പോഴും പഞ്ചായത്തിൽ തുടരുന്നത്. രോഗവ്യാപനം രൂക്ഷമായ കിഴക്കമ്പലത്ത് പ്രതിരോധ പ്രവർത്തനങ്ങൾ നടത്താൻ പോലും പഞ്ചായത്ത് ഭരണസമിതി തയ്യാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. സംസ്ഥാനത്തെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും രോഗബാധിതർക്കായി ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്റർ ഒരുക്കിയപ്പോൾ ട്വൻ്റി ട്വൻ്റി യുടെ നേതൃത്വത്തിലുള്ള ഭരണസമിതി ഇവിടെ എഫ്.എൽ.ടി.സിയെ കുറിച്ച് ചിന്തിച്ചിട്ട് പോലുമില്ല.കഴി ലോക്സഭ തെരഞ്ഞെടുപ്പിലും നിയമസഭ തെരഞ്ഞെടുപ്പിലും കമ്പനി ഉടമ സാബു ജേക്കബ് നേതൃത്വം നൽകുന്ന ട്വൻ്റി ട്വൻ്റിയെ വോട്ടർമാർ തിരസ്കരിച്ചതിൻ്റെ അരിശം പഞ്ചായത്ത് ഭരണ സമിതി ജനങ്ങളുടെ മേൽ തീർക്കുകയാണ് ഡി.സി.സി ജനറൽ സെക്രട്ടറി എം.പി.രാജൻ പറയുന്നു.

പഞ്ചായത്തിൽ എഫ്.എൽ.ടി.സി തുടങ്ങാൻ കഴിഞ്ഞിട്ടില്ലെന്നും ഡൊമിസിലറി കെയർ സെൻ്റർ തുറന്നിട്ടുണ്ടെന്നുമാണ് കിഴക്കമ്പലം പഞ്ചായത്ത് പ്രസിഡണ്ട് മിനി രതീഷിൻ്റെ വാദം. അതേസമയം കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കുന്നത്ത്നാട്ടിലെ നിയുക്ത എം.എൽ.എ വിളിച്ച് ചേർത്ത യോഗത്തിലും പഞ്ചായത്ത് പ്രസിഡന്‍റും സെക്രട്ടറിയും പങ്കെടുക്കാത്തതും ജനങ്ങളിൽ വലിയ പ്രതിഷേധമുയർത്തിയിട്ടുണ്ട്.