കൊറോണ: കണ്ണൂര്‍ ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവർ 7146 ; നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി

Jaihind News Bureau
Wednesday, March 25, 2020

കണ്ണൂർ : കൊറോണ ബാധ സംശയിച്ച് കണ്ണൂർ  ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 7,146 ആയി. 70 പേർ ആശുപത്രിയിലും  നിരീക്ഷണത്തിലുണ്ട്. ഇതുവരെ  കണ്ണൂർ ജില്ലക്കാരായ 16 പേര്‍ക്കാണ് കൊറോണ ബാധ സ്ഥിരീകരിച്ചത്. ലോക്ക്ഡൗണ്‍ നിലവിലുള്ള  സാഹചര്യത്തില്‍ അത് ലംഘിക്കുന്നവർക്കെതിരെ കർശന നടപടിക്കൊരുങ്ങി ജില്ലാ ഭരണകൂടവും, പൊലീസും. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജ് ജില്ലാ കളക്ടര്‍ ഏറ്റെടുത്തു. കൊറോണ ബോധവത്കരണത്തിന്‍റെ ഭാഗമായി പൊലീസ് ഇന്ന് കണ്ണൂർ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ റൂട്ട് മാർച്ച് നടത്തും.

കണ്ണൂർ ജില്ലയിലും സമീപ ജില്ലകളിലും കൊറോണ ബാധിതരുടെയും വൈറസ് ബാധ സംശയിക്കുന്നവരുടെയും എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായ സാഹചര്യത്തിലാണ് അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് ഏറ്റെടുക്കുന്നതെന്ന് ജില്ലാ കളക്ടര്‍ ടി.വി സുഭാഷ് ഉത്തരവില്‍ വ്യക്തമാക്കി. 2005 ലെ ദുരന്തനിവാരണ നിയമപ്രകാരമാണ് പ്രത്യേക കൊറോണ ആശുപത്രിയായി മെഡിക്കല്‍ കോളേജിനെ ഏറ്റെടുത്തത്. ഇത്തരമൊരു സാഹചര്യത്തില്‍ നിലവിലെ സര്‍ക്കാര്‍ ആശുപത്രി സൗകര്യങ്ങള്‍ അപര്യാപ്തമാണെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണിത്. ജീവനക്കാര്‍, സൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടെയാണ് ആശുപത്രി ഏറ്റെടുത്തത്. അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിന്‍റെ നിയന്ത്രണം ഉടന്‍ ഏറ്റെടുത്ത് പ്രത്യേക കൊവിഡ് ആശുപത്രിയാക്കി മാറ്റുന്നതിനുള്ള ക്രമീകരണങ്ങള്‍ വരുത്താന്‍ ജില്ലാ മെഡിക്കല്‍ ഓഫീസറെ ജില്ലാ കളക്ടര്‍ ചുമതലപ്പെടുത്തി.

ഈ രീതിയില്‍ അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിന് ജില്ലയിലെ മറ്റ് സ്വകാര്യ ആശുപത്രികളുടെ വാര്‍ഡുകള്‍ ഉള്‍പ്പെടെ ഏറ്റെടുത്ത് പ്രത്യേക കൊവിഡ് ആശുപത്രിയാക്കി മാറ്റാനും ജില്ലാ കളക്ടര്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി. ഇവിടങ്ങളില്‍ വെന്‍റിലേറ്റര്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഉണ്ടെന്ന് ഉറപ്പുവരുത്താനും നിർദേശമുണ്ട്. സ്വന്തമായി വീടുകളില്ലാത്ത കൊറോണ ബാധ സംശയിക്കുന്നവരെ താമസിപ്പിക്കുന്നതിനുള്ള കൊറോണ കെയര്‍ സെന്‍ററുകള്‍ ജില്ലയില്‍ പ്രവര്‍ത്തനം തുടങ്ങിയതായും ജില്ലാ കളക്ടര്‍ അറിയിച്ചു. ലോക്ക്ഡൗൺ നിലവിലുള്ളതിനാൽ അനിവാര്യമായ സാഹചര്യത്തില്‍ മാത്രമേ ആളുകള്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങാവൂ എന്ന് ജില്ലാ കളക്ടര്‍ കര്‍ശന നിര്‍ദേശം നല്‍കി. നിസാര കാര്യങ്ങള്‍ക്ക് വേണ്ടി ആളുകള്‍ കിലോമീറ്ററുകള്‍ യാത്ര ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അത്തരക്കാര്‍ക്കെതിരേ കര്‍ശന നടപടി കൈക്കൊള്ളാന്‍ പോലിസിന് നിര്‍ദ്ദേശം നല്‍കിട്ടുണ്ട്.

നിലവില്‍ അയല്‍ സംസ്ഥാനങ്ങളിലും അയല്‍ ജില്ലകളിലും താമസിക്കുന്ന കണ്ണൂര്‍ സ്വദേശികള്‍ അവിടെ തന്നെ കഴിയാന്‍ വഴി കണ്ടെത്തണം. കൊറോണയുടെ സാമൂഹിക വ്യാപനം തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണിത്. ഇതിന്‍റെ മുന്നോടിയായി കര്‍ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന കൂട്ടുപുഴ ചെക്ക്‌പോസ്റ്റ് വഴി ഇന്ന് മുതല്‍ ജില്ലയിലേക്ക് ആളുകളെ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി. ചരക്കുഗതാഗതവും ചികിത്സാ അത്യാവശ്യങ്ങള്‍ക്കായുള്ള യാത്രകളും മാത്രമേ ഇതുവഴി അനുവദിക്കുകയുള്ളൂ. അവശ്യ സാധനങ്ങള്‍ക്ക് അമിത വില ഈടാക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കാനും ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗം ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി. ഇത്തരം നിയമവിരുദ്ധ പ്രവൃത്തികള്‍ കണ്ടെത്തുന്നതിന് കടകളില്‍ പരിശോധന കര്‍ശനമാക്കും.

മെഡിക്കല്‍ ഷോപ്പുകള്‍, ബിവറേജ് ഷോപ്പുകള്‍ തുടങ്ങി ലോക്ഡൗണ്‍ കാലത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ കൊറോണ പ്രതിരോധത്തിന്‍റെ ഭാഗമായുള്ള മുന്‍കരുതല്‍ നടപടികള്‍ കൈക്കൊള്ളണം. ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നില്ലെന്നും നിശ്ചിത അകലം പാലിക്കുന്നുണ്ടെന്നും കൈകള്‍ വൃത്തിയാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ പിന്തുടരുന്നുണ്ടെന്നും സ്ഥാപന ഉടമകള്‍ ഉറപ്പുവരുത്തണമെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി.