നിയമസഭാ സമ്മേളനം മാറ്റിയേക്കും; അവിശ്വാസ പ്രമേയം അട്ടിമറിക്കാനുള്ള നീക്കമെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: തിങ്കളാഴ്ച ചേരാനിരിക്കുന്ന നിയമസഭാ സമ്മേളനം മാറ്റിയേക്കും. തിങ്കളാഴ്‌ച നിയമസഭാ സമ്മേളനം ചേരാനാണ് തീരുമാനിച്ചിരുന്നത്. ധനബിൽ പാസാക്കുന്നതിനു വേണ്ടിയാണ് അടിയന്തരമായി നിയമസഭ ചേരാൻ കഴിഞ്ഞയാഴ്‌ച ചേർന്ന മന്ത്രിസഭായോഗത്തിൽ തീരുമാനിച്ചത്. എന്നാൽ സർക്കാരിനെതിരെയുള്ള അവിശ്വാസ പ്രമേയം അട്ടിമറിക്കാനാണ് സർക്കാർ നീക്കമെന്നാണ് പ്രതിപക്ഷ ആരോപണം.

ഏപ്രില്‍ ഒന്നിന് പ്രാബല്യത്തില്‍ വന്ന ധനകാര്യബില്‍ ഈ മാസം 30 ന് അസാധുവാകും. ബില്‍ പാസാക്കി ഈ സാഹചര്യം ഒഴിവാക്കാനാണ് തിങ്കളാഴ്ച സഭാ സമ്മേളനം ചേരാൻ തീരുമാനിച്ചിരുന്നത്. എന്നാൽ തിരുവനന്തപുരത്ത് രോഗബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്നതിനാൽ നിയമസഭാ സമ്മേളനം മാറ്റി വയ്ക്കണമെന്നാണ് സർക്കാർ നിലപാട്. ധനബിൽ പാസാക്കുന്നതിന് മറ്റു നിയമവശങ്ങള്‍ പരിശോധിക്കും. ധനകാര്യ ബിൽ ഓർഡിനൻസ് ആയി കൊണ്ട് വരാനും സർക്കാർ ആലോചിക്കുന്നുണ്ട്. തിങ്കളാഴ്ച ചേരാനിരുന്ന സമ്മേളനത്തിൽ സർക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നൽകിയിരുന്നു. പ്രതിപക്ഷ നീക്കം അട്ടിമറിക്കാനാണ് സർക്കാർ  ശ്രമിക്കുന്നതെന്ന ആക്ഷേപവും ശക്തമാവുകയാണ്.

Comments (0)
Add Comment