സ്വകാര്യ കമ്പനിക്ക് കോടികള്‍ കൊയ്യാന്‍ സർക്കാർ കൂട്ട്; ഇലക്ട്രിക് വാഹനങ്ങളുടെ മറവില്‍ സംസ്ഥാനത്ത് വന്‍ അഴിമതിയെന്ന് പി.കെ. ഫിറോസ്

Jaihind Webdesk
Tuesday, November 7, 2023

 

കോഴിക്കോട്: സംസ്ഥാന സർക്കാരിന്‍റെ വൈദ്യുതി വകുപ്പിന് കീഴിൽ ഇലക്ട്രിക് വാഹനങ്ങളുടെ മറവിൽ നടക്കുന്നത് കോടികളുടെ  അഴിമതിയെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്. ചാർജിംഗ് ആപ്പിലൂടെ സ്വകാര്യ കമ്പനിക്ക് നേട്ടമുണ്ടാക്കാന്‍ സർക്കാർ കൂട്ടുനില്‍ക്കുകയാണെന്നും ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും പി.കെ. ഫിറോസ് ആവശ്യപ്പെട്ടു.

ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നത് ഒരു സ്വകാര്യ കമ്പനിയുടെ ‘ചാർജ് മോഡ്’ എന്ന ആപ്പ് വഴിയാണ്. ഈ ആപ്പിൽ മുൻകൂട്ടി നിക്ഷേപിക്കുന്ന പണം നിശ്ചിത സമയത്തിനുള്ളിൽ ഉപയോഗിച്ചില്ലെങ്കിൽ നഷ്ടമാകും. ഇതിലൂടെ സ്വകാര്യ കമ്പനി  വർഷന്തോറും കോടിക്കണക്കിന് രൂപയുടെ ലാഭം ആണ് നേടുന്നത്. 3000 കിലോമീറ്റർ ഓടിക്കാൻ 5000 രൂപ പ്രതിമാസം അടയ്ക്കണം, വർഷം 60,000 രൂപ. ശരാശരി 40,000 വാഹനങ്ങൾ പണം അടച്ചാൽ 250 കോടിയോളം രൂപ സ്വകാര്യ കമ്പനിക്ക് ലഭിക്കും.

അതേസമയം മന്ത്രി കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്ത സർക്കാരിന്‍റെ ‘കെ മാപ്പ്’ എന്ന ആപ്പ് പ്രവർത്തന രഹിതമാണ്. ഇത് സ്വകാര്യ കമ്പനിയെ സഹായിക്കാൻ വേണ്ടിയാണെന്ന് പി.കെ. ഫിറോസ് ആരോപിച്ചു. വൈദ്യുതി തൂണുകളിൽ ചാർജിംഗ് പോയിന്‍റ് സ്ഥാപിക്കാൻ ചിലവഴിച്ചത് കോടികളാണ്. ഇതിനു പകരം ചാർജ് മോഡിനെ തിരഞ്ഞെടുത്തത് ടെണ്ടര്‍ ഇല്ലാതെയാണ്. നേട്ടം സാമ്പത്തികമാകാം, വൈദ്യുതി മന്ത്രിക്കാണോ സിപിഎമ്മിനാണോ എന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു.

സ്വകാര്യ കമ്പനിക്ക് അന്യായമായി കൊള്ളയടിക്കാൻ സർക്കാരും കൂട്ടുനിൽക്കുകയാണെന്നും ഇതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടാനാണ് യൂത്ത് ലീഗിന്‍റെ തീരുമാനമെന്നും പി.കെ. ഫിറോസ് പറഞ്ഞു. വിഷയത്തിൽ സർക്കാർ വിജിലൻസ് അന്വേഷണത്തിന് തയാറാകണമെന്നും അദ്ദേഹം കോഴിക്കോട് ആവശ്യപ്പെട്ടു.