കെ-റെയില്‍ പദ്ധതി കേരളത്തെ പാളംതെറ്റിക്കും; പിന്നില്‍ അഴിമതിയും ലാഭക്കച്ചവടവുമാകാമെന്ന് അഡ്വ. പ്രശാന്ത് ഭൂഷണ്‍

Jaihind Webdesk
Thursday, December 23, 2021

കണ്ണൂർ :  കെ-റെയില്‍ പദ്ധതിക്ക് പിന്നില്‍ നിക്ഷിപ്ത താത്പര്യവും അഴിമതിയും ആകാമെന്ന് അഭിഭാഷകനും സാമൂഹികപ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണ്‍. സംസ്ഥാനത്തെ കടക്കെണിയിലാക്കുന്നതും കടുത്ത പാരിസ്ഥിതിക പ്രത്യാഘാതം സൃഷ്ടിക്കുന്നതുമാണ് പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ ഗാന്ധി പാര്‍ക്കില്‍ നടന്ന കെ റെയില്‍ സില്‍വര്‍ ലൈന്‍ പ്രതിരോധ സമിതി കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ-റെയിൽ പദ്ധതി കേരളത്തിന്‍റെ പ്രകൃതിയെയും കാലാവസ്ഥയെയും ഗുരുതരമായി ബാധിക്കുന്നതാണ്. സംസ്ഥാനത്ത് സർവ്വനാശം വിതയ്ക്കുന്ന പദ്ധതിക്ക് പിന്നില്‍ റിയൽ എസ്റ്റേറ്റിലെ ലാഭക്കച്ചവടവും യന്ത്രങ്ങളുടെ ഇറക്കുമതിയിലെ അഴിമതിയുമാകാം ലക്ഷ്യം. നിലവിലെ റെയില്‍പാത വികസിപ്പിച്ച് കാര്യക്ഷമമായ മറ്റൊരു പദ്ധതിയ്ക്കുള്ള സാധ്യത നിലവിലുള്ളപ്പോഴാണ് ഒരു ലക്ഷം കോടി രൂപയുടെ കെ-റെയിലിനായി സർക്കാർ തിരക്കിട്ട് നീങ്ങുന്നതെന്നും പ്രശാന്ത് ഭൂഷണ്‍ ചൂണ്ടിക്കാട്ടി.

‘നഗരത്തിൽ നിന്ന് മാറിയുള്ള സ്റ്റേഷനുകൾക്ക് സമീപം ഭൂമി വാങ്ങിയിട്ട് റിയൽ എസ്റ്റേറ്റുകാർക്ക് വൻ ലാഭം കൊയ്യാം. യന്ത്രങ്ങളുടെ ഇറക്കുമതിയുടെ പേരിൽ വൻകിട കരാറുകളുണ്ടാക്കാനും അഴിമതി കാണിക്കാനും സാധിക്കും. നിലവിലുള്ള റെയിൽപാത 10,000 കോടി രൂപയ്ക്കു വികസിപ്പിച്ച് മണിക്കൂറിൽ 150 കിലോമീറ്റർ വേഗത്തിൽ ട്രെയിൻ ഓടിക്കാനുള്ള പദ്ധതി നിലവിലിരിക്കെയാണ് ഒരു ലക്ഷം കോടിയിലധികം രൂപയുടെ കെ റെയിൽ പദ്ധതിക്കു വേണ്ടി സംസ്ഥാന സർക്കാർ വാശി പിടിക്കുന്നത്. പദ്ധതിക്ക് പലിശ രഹിത വായ്പ എന്നത് വെറും വാക്കാണ്. വിദേശനാണ്യ വിനിമയ നിരക്കിലെ 5–6% വാർഷിക വർധന പരിഗണിച്ചാൽ തന്നെ വലിയ ബാധ്യതയാണുണ്ടാവുക’ – പ്രശാന്ത് ഭൂഷൺ പറഞ്ഞു.

സി​ൽ​​വ​ർ​ലൈ​ൻ റെ​യി​ൽ​​പാ​ത​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ശ​ങ്ക​ക​ൾ സാ​മാ​ന്യ​ബു​ദ്ധി​യു​ള്ള ഏ​തെ​ങ്കി​ലും സ​ർ​ക്കാ​റി​ന്​ ക​ണ്ടി​ല്ലെ​ന്ന്​ ന​ടി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന്  അ​ഡ്വ. പ്ര​ശാ​ന്ത്​ ഭൂ​ഷ​ൺ കുറ്റപ്പെടുത്തി. ഒരു ലക്ഷം കോടി രൂപയാണ് പദ്ധതിയുടെ ചെലവ്. 5000 കോടി രൂപ പ്രതിവർഷം പലിശ ആയി നൽകണം. വിദഗ്ധർ ഒന്നടങ്കം പദ്ധതിയെ എതിർത്തിട്ടും സർക്കാർ ഇതുമായി മുന്നോട്ടുപോകുന്നത് എന്തിനെന്ന് മനസിലാകുന്നില്ല. റിയൽ എസ്റ്റേറ്റ് മാഫിയയുടെ സമ്മർദ്ദം ഉണ്ടോയെന്ന് സംശയിക്കണമെന്നും പ്രശാന്ത് ഭൂഷൺ കണ്ണൂരിൽ പറഞ്ഞു.