കൊറോണ : സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 592 പേർ നിരീക്ഷണത്തില്‍

Jaihind News Bureau
Saturday, March 7, 2020

ലോക രാജ്യങ്ങളിൽ കോവിഡ് 19 രോഗം പടർന്നു പിടിച്ച സാഹചര്യത്തിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 592 പേർ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഇവരിൽ 546 പേർ വീടുകളിലും 46 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

കോവിഡ് 19 വൈറസ് സംശയാസ്പദമായവരുടെ 631 സാമ്പിളുകൾ എൻ.ഐ.വി.യിൽ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ 579 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്. നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ആരുടേയും ആരോഗ്യനിലയിൽ ആശങ്കയ്ക്ക് വകയില്ലെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി. കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ കേരളം കൈവരിച്ച വിജയം നേരിട്ടറിയാനും പ്രതിരോധ സംവിധാനങ്ങൾ മനസിലാക്കാനും തെലുങ്കാന സർക്കാരിന്റെ 12 അംഗ പ്രതിനിധി സംഘം കേരളത്തിലെത്തി. സംഘം കേരളത്തിലെ കൊറോണ നിയന്ത്രണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട വിവിധ ടീമുകളുമായി കൂടിക്കാഴ്ചയും നടത്തി.

തിരുവനന്തപുരം ജില്ലയിലെ ഐസോലെഷൻ കേന്ദ്രങ്ങൾ സന്ദർശിച്ച് പ്രവർത്തനങ്ങൾ നേരിട്ട് മനസിലാക്കി. അതേസമയം ഇറ്റലിയിലും ഇറാനിലും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതും രോഗം വ്യാപിക്കുന്നതും കണക്കിലെടുത്ത് ചൈന, ഹോങ്കോംഗ്, തായ്ലൻഡ്, സിംഗപ്പൂർ, ജപ്പാൻ, ദക്ഷിണ കൊറിയ, വിയറ്റ്നാം, നേപ്പാൾ, ഇന്തോനേഷ്യ, മലേഷ്യ എന്നിവയ്ക്ക് പുറമേ ഇറാൻ, ഇറ്റലി എന്നിവിടങ്ങളിൽ നിന്ന് നേരിട്ടുള്ള ഫ്ലൈറ്റുകളിലൂടെ വരുന്ന യാത്രക്കാരെ കൂടി പരിശോധിക്കാൻ തീരുമാനിച്ചു. ഈ രാജ്യങ്ങളിൽ നിന്നും വരുന്ന ആളുകളിൽ രോഗബാധയുള്ളവരുണ്ടെങ്കിൽ ഇന്ത്യയിലെത്തുമ്പോൾ 14 ദിവസത്തേക്ക് നിരീക്ഷണത്തിൽ തുടരേണ്ടതാണ്. രോഗലക്ഷണമില്ലാത്തവർ 14 ദിവസം വീടുകളിൽ നിരീക്ഷണത്തിൽ തുടരണം. രോഗലക്ഷണമുള്ളവർ ജില്ലകളിലെ ഐസോലേഷൻ സൗകര്യമുള്ള ആശുപത്രികളുമായി ബന്ധപ്പെടണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.