ദുബായ് : ബി.ജെ.പി.യുടെ പ്രവാസി സംഘടനയ്ക്ക് ഇന്ത്യയുടെ ഔദ്യോഗിക ചിഹ്നം നല്‍കുന്നത് ശരിയായ കീഴ് വഴക്കമല്ലെന്ന് തുറന്നടിച്ച് കോണ്‍ഗ്രസ് അനുകൂല പ്രവാസി സംഘടനയായ ഇന്‍കാസ് രംഗത്ത്. ഇതുമൂലം ബി ജെ പിയുടെ പ്രവാസി സംഘടനയായ ‘ഇന്ത്യന്‍ പീപ്പിള്‍സ് ഫോറം ‘ നടത്തുന്ന പരിപാടികള്‍ ഔദ്യോഗിക പരിപാടികളായി പൊതുജനം തെറ്റിദ്ധരിക്കുന്നതായി ഇന്‍കാസ് ജനറല്‍ സെക്രട്ടറി പുന്നക്കന്‍ മുഹമ്മദലി ആരോപിച്ചു.
ഈ മാസം 16 ന് ദുബായില്‍ ഐ പി എഫ് സംഘടിപ്പിക്കുന്ന ‘ഗാന്ധി 150 ‘ എന്ന പരിപാടിയ്ക്ക് , ഇന്ത്യയുടെ ഔദ്യോഗിക ചിഹ്നം ഉപയോഗിച്ചതാണ് വിവാദത്തിന് കാരണം. കേന്ദ്ര വിദേശകാര്യ സഹമന്ത്രിയും ബി ജെ പി നേതാവുമായ വി മുരളീധരനാണ് ചടങ്ങിലെ മുഖ്യാതിഥി. അതേസമയം, ദുബായില്‍ സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതു മുതല്‍. ഇതുവരെ കാണാത്ത തെറ്റായ പ്രവണതയാണ് ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്ന് ഇന്‍കാസ് ആരോപിച്ചു. ദുബായ് ഗവണ്മെന്റിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്ക് പോലും ലഭിക്കാത്ത പിന്തുണയും സഹായവുമാണ് ബി.ജെ.പി.യുടെ പ്രവാസി സംഘടനയായ ഇന്ത്യന്‍ പീപ്പിള്‍സ് ഫോറത്തിന് , അധികൃതര്‍ നല്‍കുന്നതെന്നും പുന്നക്കന്‍ ചൂണ്ടിക്കാട്ടി.
രാഷ്ട്രപിതാവ് മഹത്മാഗാന്ധിയുടെ 150-ാം ജന്മദിനത്തിന്റെ ആഘോഷ പരിപാടിയുടെ ചുമതല ബി.ജെ.പി പോഷക സഘടനയുടെ പേരില്‍ നടത്താന്‍ ഇന്ത്യയുടെ ചിഹ്നം നല്‍കുന്നത് തെറ്റായ കീഴ് വഴക്കമാണ് സൃഷ്ടിരിക്കുന്നത്. ഇന്ത്യയില്‍ നിന്നെത്തുന്ന മന്ത്രിമാരും എം.പി.മാരും പങ്കെടുക്കുന്ന ഇത്തരം പരിപാടികളില്‍ രാഷ്ട്രീയത്തിന് അതീതമായി പ്രവാസി സംഘടനകളും വ്യക്തികളും പങ്കെടുത്ത ചരിത്രമാണ് ദുബായ് നഗരത്തിനുള്ളള്ളത്. എന്നാല്‍, ഇപ്പോള്‍ ബി.ജെ.പി. സംഘടനയെ ഈ ദൗത്യം ഏല്‍പ്പിച്ചിരിക്കുകയാണെന്നും പുന്നക്കന്‍ മുഹമ്മദലി ആരോപിച്ചു.