കോഴിക്കോട് മെഡിക്കൽ കോളേജിലെ താൽക്കാലിക നഴ്സുമാർ കരിദിനം ആചരിച്ചു

കോഴിക്കോട് ഗവൺമെന്‍റ് മെഡിക്കൽ കോളേജിലെ താൽക്കാലിക നഴ്സുമാർ കരിദിനം ആചരിച്ചു. അടിസ്ഥാന വേതനം പോലും ലഭിക്കാതെ ആരോഗ്യവകുപ്പിൽ അമിത ജോലിഭാരം ഏറ്റെടുക്കേണ്ടി വരുന്ന 180ഓളം നഴ്സുമാരാണ് പ്രതിഷേധിച്ചത്. കൊവിഡ് ഡ്യൂട്ടി ഉൾപ്പെടെ ചെയ്യുന്ന വനിതാ നഴ്സുമാർക്ക് ഹോസ്റ്റൽ സൗകര്യം പോലും നൽകുന്നില്ലെന്നും ഇവർ ആരോപിക്കുന്നു.

കൊവിഡ് കാലത്ത് ആരോഗ്യ വകുപ്പിൽ ആവശ്യത്തിന് ജീവനക്കാരില്ലാതെ കടുത്ത പ്രതിസന്ധി നേരിടുമ്പോഴാണ് കൊവിഡ് വാർഡുകളിൽ പോലും ജോലിചെയ്യുന്ന താൽക്കാലിക നഴ്സുമാരെ സർക്കാർ പൂർണമായും അവഗണിക്കുന്നത്. തുച്ഛമായ വേതനം നൽകി അമിത ജോലി ഭാരം തങ്ങളെ ഏൽപ്പിക്കുന്നു എന്നാണ് താൽക്കാലിക നഴ്സുമാർ പറയുന്നത്. കൊവിഡ് റിസ്ക് അലവൻസോ മറ്റ് ആനുകൂല്യങ്ങളോ ഒന്നുമില്ലാതെ ജോലി ചെയ്യാൻ ഇവർ നിർബന്ധിതരാവുകയാണ്. എന്നാൽ ജോലി ചെയ്യാൻ തയ്യാറായിരുന്നിട്ടും അർഹതപ്പെട്ട ലീവ് പോലും അധികാരികൾ നൽകുന്നില്ല. ആരോഗ്യവകുപ്പിലെ ക്ലീനിങ് സ്റ്റാഫ് ഉൾപ്പെടെയുള്ളവർക്ക് അടിസ്ഥാന ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ഉൾപ്പെടെ ലഭിക്കുമ്പോൾ തങ്ങൾക്ക് 650 രൂപ മാത്രമാണ് കാലങ്ങളായി നൽകിവരുന്നത്.

കൊവിഡ് വാർഡുകൾ ഉൾപ്പെടെ ജോലി സ്ത്രീ തൊഴിലാളികൾക്ക് ഹോസ്റ്റൽ സൗകര്യം പോലും അധികൃതർ അനുവദിച്ചിട്ടില്ല. ഈ പ്രതിസന്ധിഘട്ടത്തിൽ രോഗികൾക്കൊപ്പം നിന്ന് തങ്ങളുടെ കടമ നിർവ്വഹിക്കേണ്ടതുണ്ട്. അതിനാൽ തങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ എങ്കിലും സർക്കാർ അംഗീകരിക്കണം. ഈ വിഷയം ഉന്നയിച്ചു മെഡിക്കൽ കോളേജ് സൂപ്രണ്ട്, ജില്ലാ കലക്ടർ, ആരോഗ്യ വകുപ്പ് മന്ത്രി, മുഖ്യമന്ത്രി തുടങ്ങിയവർക്ക് പരാതി നൽകിയെങ്കിലും നടപടിയായില്ല. ഈ സാഹചര്യത്തിലാണ് മെഡിക്കൽ കോളേജിലെ 180ഓളം വരുന്ന നഴ്സുമാർ കരിദിനം ആചരിച്ചു പ്രതിഷേധിച്ചത്.

https://youtu.be/ylb51wIuj6g

Comments (0)
Add Comment