രാജ്യം നേരിടുന്ന പ്രതിസന്ധികൾക്ക് കാരണം കേന്ദ്ര സർക്കാരിന്‍റെ തെറ്റായ നയങ്ങളെന്ന് സോണിയാ ഗാന്ധി; ‘പാവപ്പെട്ടവരുടെ കൈയ്യില്‍ പണമെത്തിക്കണം’; കോണ്‍ഗ്രസ് പ്രവർത്തക സമിതി യോഗം തുടരുന്നു

Jaihind News Bureau
Tuesday, June 23, 2020

രാജ്യം നേരിടുന്ന പ്രതിസന്ധികൾക്ക് പ്രധാന കാരണം കേന്ദ്ര സർക്കാരിന്‍റെ തെറ്റായ നയങ്ങളെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. കൊവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ സർക്കാർ പരാജയപ്പെട്ടു. ഇന്ധന വില വർധന സർക്കാരിന്‍റെ ദയാരഹിത നടപടിയാണ്. സർക്കാരിന്‍റെ നയതന്ത്ര ചർച്ചകൾ പരാജയമായതിന്‍റെ ഫലമായി രാജ്യ സുരക്ഷയും ഭൂപ്രദേശ സമഗ്രതയും പ്രതിസന്ധിയിലാണെന്നും സോണിയാ ഗാന്ധി  കോണ്‍ഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ പറഞ്ഞു.

രാജ്യം കടുത്ത പ്രതിസന്ധികളെ അഭിമുഖീകരിക്കുകയാണ്.  സാമ്പത്തിക പ്രതിസന്ധി മുമ്പൊരിക്കലും
ഇല്ലാത്ത വിധത്തിൽ രാജ്യത്ത് തുടരുകയാണ്. ഈ ഘട്ടത്തിൽ ജനങ്ങളുടെ കൈകളിൽ പണം എത്തിക്കണം. ചെറുകിട ഇടത്തരം സംരഭങ്ങൾ സംരക്ഷിക്കാൻ നടപടികൾ വേണം. കൊവിഡ് സാഹചര്യത്തിൽ സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് അപര്യാപ്തമാണ്. നിലവിലെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുമോ എന്ന് ഭയക്കുന്നു. ഇതിനിടയിൽ രാജ്യത്ത് തുടർച്ചയായി 17 ആം ദിവസവും ഇന്ധന വില വർധിച്ചു. ഇത് സർക്കാരിന്റെ ജനങ്ങളോടുള്ള നിലപാട് വ്യക്തമാക്കുന്നു.

കൊവിഡ് പ്രതിരോധത്തിൽ കേന്ദ്ര സർക്കാരിന്‍റെ പ്രവർത്തനങ്ങള്‍ പരാജയമാണ്. ലോക്ഡൗണ്‍ സമയത്ത് കൊവിഡ് പ്രതിരോധം വേണ്ടപോലെ സർക്കാർ കൈകാര്യം ചെയ്തില്ല. നിലവിൽ രാജ്യത്തെ കൊവിഡ് സാഹചര്യം വളരെ സങ്കീർണമാണ്. ഇന്ത്യ ചൈന അതിർത്തിയിലെ ചൈനീസ് കടന്നു കയറ്റം നിഷേധിക്കാനാകില്ല. വിഷയം പരിഹരിക്കാൻ സർക്കാരിന് കഴിഞ്ഞില്ല. അതിർത്തിയിൽ ഉണ്ടായ സംഘർഷം ഇതിന് ഉദാഹരണമാണ്. കേന്ദ്ര സർക്കാരിനും സൈന്യത്തിനും കോണ്‍ഗ്രസ് പൂർണ്ണ പിന്തുണ നൽകിയിട്ടും പ്രധാനമന്ത്രി ഉൾപ്പെടെ രാജ്യത്തെ തെറ്റിദ്ധരിപ്പിച്ചു. അതിർത്തിയിൽ രാജ്യ താൽപര്യം മുൻനിർത്തി സമാധാനം പുനഃസ്ഥാപിക്കണമെന്നും കോൺഗ്രസ് അധ്യക്ഷ പ്രവർത്തകസമിതി യോഗത്തിൽ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.