ജമ്മു-കശ്മീരിന് പൂർണ്ണ സംസ്ഥാന പദവി: സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്; പ്രത്യേക പദവി എടുത്തുകളഞ്ഞതില്‍ ആദരപൂർവം വിയോജിപ്പ്

Jaihind Webdesk
Monday, December 11, 2023

 

ന്യൂഡല്‍ഹി: ജമ്മു-കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തു കളഞ്ഞ കേന്ദ്രസർക്കാർ നടപടി അംഗീകരിച്ച സുപ്രീം കോടതി വിധിക്കെതിരെ രാജ്യസഭയിലും പ്രതിപക്ഷ ബഹളമുയർന്നു. സുപ്രീം കോടതി വിധിയോട് ആദരപൂര്‍വം വിയോജിക്കുന്നുവെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. വിധി അംഗീകരിക്കുന്നുവെന്നും എന്നാൽ വിധിയില്‍ അഭിപ്രായ വ്യത്യാസം ഉണ്ടെന്നും വ്യക്തമാക്കിയ പ്രതിപക്ഷ നേതാക്കൾക്കെതിരെ ഭരണപക്ഷം കടുത്ത ഭാഷയില്‍ വിമർശനം ഉന്നയിച്ചു. ഒടുവിൽ സുപ്രീം കോടതി വിധിക്കെതിരെ സംസാരിക്കാൻ അനുവദിക്കില്ലെന്ന് രാജ്യസഭാ അധ്യക്ഷൻ വ്യക്തമാക്കി. എന്നാൽ വിധിയെ വിമർശിച്ചു സംസാരിക്കാൻ അവകാശമുണ്ടെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി ചൂണ്ടിക്കാട്ടി.

ജമ്മു-കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞ കേന്ദ്ര സര്‍ക്കാര്‍ നടപടി ശരിവെച്ച സുപ്രീം കോടതി വിധിയോട് ആദരപൂര്‍വം വിയോജിക്കുന്നുവെന്ന് കോണ്‍ഗ്രസ് എംപിയും മുതിര്‍ന്ന നേതാവുമായ പി. ചിദംബരം വ്യക്തമാക്കി. ജമ്മു-കശ്മീരിന് പൂര്‍ണ്ണ സംസ്ഥാന പദവി നല്‍കണമെന്നാണ് എക്കാലത്തും കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. ഇന്ത്യന്‍ ഭരണഘടന അനുസരിച്ച് ആര്‍ട്ടിക്കിള്‍ 370 കര്‍ശനമായി ഭേദഗതി ചെയ്യുന്നതുവരെ അതിനെ മാനിക്കണമെന്ന സിഡബ്ല്യുസി പ്രമേയം ഞങ്ങള്‍ വീണ്ടും ആവര്‍ത്തിക്കുന്നു. കശ്മീരിന് എത്രയും പെട്ടെന്ന് പൂര്‍ണ്ണ സംസ്ഥാന പദവി നല്‍കണമെന്ന കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും സംസ്ഥാനത്ത് വേഗത്തില്‍ തിരഞ്ഞെടുപ്പ് നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ചിദംബരം വ്യക്തമാക്കി.

ജമ്മു-കശ്മീരിലെ ജനങ്ങള്‍ക്കുവേണ്ടത് ഏകാധിപത്യമല്ല, മറിച്ച് ജനാധിപത്യമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ അഭിഷേക് മനു സിംഗ്‌വി പറഞ്ഞു. 2014-നു ശേഷം സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടന്നിട്ടില്ല. വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടാത്ത സര്‍ക്കാരാണ് ഇവിടെ ഭരിക്കുന്നത്. ബിജെപി എന്തിനാണ് തിരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വരുന്ന സര്‍ക്കാരിനെ ഭയക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. എഐസിസി ആസ്ഥാനത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു നേതാക്കള്‍.