കണ്ണുരില്‍ കൊവിഡ് ഹെൽപ്പ് ഡെസ്ക് രൂപീകരിച്ച് കോൺഗ്രസ് ; ജില്ലാ തലത്തിലും നിയോജകമണ്ഡലം ആസ്ഥാനങ്ങളിലും പ്രവർത്തകർ സന്നദ്ധം

കൊവിഡ് പ്രതിസന്ധി നേരിടുന്നതിനും ആവശ്യമായ സഹായ സന്നദ്ധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ജില്ലാ തലത്തിലും നിയോജകമണ്ഡലം ആസ്ഥാനങ്ങളിലും കൊവിഡ് ഹെൽപ്പ് ഡെസ്ക് ആരംഭിച്ച് സന്നദ്ധ പ്രവർത്തന രംഗത്ത് വീണ്ടും കാര്യക്ഷമമായി ഇടപെടുന്നതിന് ജില്ലാ കോൺഗ്രസ് കമ്മിറ്റി തീരുമാനിച്ചു. കെപിസിസി വർക്കിംഗ് പ്രസിഡന്‍റ്
കെ.സുധാകരൻ എംപിയുടെയും ഡിസിസി പ്രസിഡന്‍റ് സതീശൻ പാച്ചേനിയുടെയും നേതൃത്വത്തിൽ പ്രധാന ഭാരവാഹികളുടെ യോഗം ഡിസിസി ഓഫീസിൽ ചേർന്നാണ് സന്നദ്ധ പ്രവർത്തനത്തിന് പാർട്ടി ഘടകങ്ങൾക്ക് ആഹ്വാനം നല്കിയത്.

കെപിസിസി ജനറൽ സെക്രട്ടറിയും കണ്ണൂർ കോർപ്പറേഷൻ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ അഡ്വ. മാർട്ടിൻ ജോർജ്ജ് കൺവീനറായിട്ടുള്ള ജില്ലാതല സമിതിയിൽ കെ.സി.മുഹമ്മദ് ഫൈസൽ, പി.മാധവൻ മാസ്റ്റർ, എം.പി വേലായുധൻ,രാജീവൻ എളയാവൂർ, ടി.ജയകൃഷ്ണൻ തുടങ്ങിയവർ അംഗങ്ങളാണ്. 11 നിയോജകമണ്ഡലം ആസ്ഥാനങ്ങളിലും ഹെൽപ്പ് ഡെസ്ക് പ്രവർത്തിക്കും. ഇതിനായി പാർട്ടി നേതാക്കൾക്ക് പ്രത്യേകം ചുമതല നൽകിയിട്ടുണ്ട്. ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്‍റ് സെന്‍ററുകളിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയും ഡോക്ടർമാരെയും ആരോഗ്യ മേഖലയിലെ ജീവനക്കാരെയും നിയമിച്ച് പ്രവർത്തനം ആരംഭിക്കണം.

സ്വകാര്യ ആശുപത്രികളുടെ സൗകര്യങ്ങൾ കൂടി കൊവിഡ് പ്രതിസന്ധി നേരിടാൻ ഉപയോഗപ്പെടുത്തി സർക്കാർ സൗകര്യത്തിൽ സ്വകാര്യ ആതുരാലയങ്ങളെ കൊവിഡ് ആശുപത്രികളാക്കി മാറ്റുന്നതിനുള്ള നടപടി സ്വീകരിക്കണം. വാക്സിൻ സ്വീകരിക്കുന്നതിന് സ്പോട്ട് റജിസ്ട്രേഷൻ നിർത്തലാക്കിയത് പുന:പരിശോധിക്കണം. സാധാരണക്കാർക്ക്
വാർഡ് അടിസ്ഥാനത്തിൽ വാക്സിൻ രജിസ്ട്രേഷന് വേണ്ടിയുള്ള സൗകര്യം ഒരുക്കുന്നതിന് സർക്കാർ സംവിധാനം സൃഷ്ടിക്കണം. ഫസ്റ്റ് ഡോസ് വാക്സിൻ എടുത്തവർക്ക് വീണ്ടും രജിസ്ട്രേഷൻ നിർബന്ധമാക്കിയുള്ള നടപടി പിൻവലിച്ച് നിലവിലുള്ള രജിസ്ട്രഷൻ തന്നെ നിലനിർത്തി ജനത്തിരക്ക് നിയന്ത്രിക്കുന്നതിന് വേണ്ടിയുള്ള ശാസ്ത്രീയമായ നടപടികൾ സ്വീകരിക്കണമെന്നുമുള്ള വിവിധ ആവശ്യങ്ങളും യോഗം സർക്കാറിനോട് ആവശ്യപ്പെട്ടു.

സർക്കാർ സംവിധാനങ്ങൾക്ക് പൂർണ്ണ പിന്തുണ നല്കി കൊവിഡ് പ്രതിസന്ധിയുടെ തുടക്കത്തിൽ സ്വീകരിച്ച മികച്ച തോതിലുള്ള ആശ്വാസ സന്നദ്ധ പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളികളാവാനും പ്രതിസന്ധി തരണം ചെയ്യുന്നതിനാവശ്യമായ ജാഗ്രതാ ഇടപെടലുകളിൽ നേതൃത്വപരമായ പങ്ക് നിർവ്വഹിക്കുന്നതിനും ജില്ലയിലെ മുഴുവൻ പാർട്ടി ഘടകങ്ങൾക്കും യോഗം നിർദേശം നല്കി. യോഗത്തിൽ ഡി.സി.സി പ്രസിഡന്‍റ് സതീശൻ പാച്ചേനി അധ്യക്ഷത വഹിച്ചു. കെപിസിസി വർക്കിംഗ് പ്രസിഡന്‍റ് കെ സുധാകരൻ എം.പി, മേയർ അഡ്വ.ടി.ഒ മോഹനൻ, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ വി.എ നാരായണൻ,മാർട്ടിൻ ജോർജ്ജ്,സജീവ് മാറോളി,അഡ്വ.സജീവ് ജോസഫ്, കെ.പി.സി.സി സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരി തുടങ്ങിയവർ പങ്കെടുത്തു.

Comments (0)
Add Comment