ഗാന്ധിജിയെ മോദിയും ബിജെപിയും വിൽപ്പന ചരക്കാക്കി മാറ്റിയിരിക്കുകയെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

മഹാത്മാ ഗാന്ധിയെ വിൽപ്പന ചരക്കാക്കി മാറ്റിയിരിക്കുകയാണ് നരേന്ദ്ര മോദിയും ബിജെപിയുമെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഇന്ത്യയെ അമേരിയുടെ കാൽക്കീഴിൽ വക്കാനാണ് നരേന്ദ്ര മോദിയുടെ ശ്രമമെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി. കോഴിക്കോട് നടന്ന ഗാന്ധി യാത്രയുടെ സമാപന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഗാന്ധി ഖാതകനുവേണ്ടി മന്ദിരവും, പ്രതിമയും നിർമ്മിക്കാനാണ് ബിജെപി സർക്കാർ തിടുക്കം കാട്ടുന്നത്. ഒരു ഭാഗത്ത് ബിജെപിയും, ആര്‍എസ്എസും ഗാന്ധിജിയെ അനുനിമിഷം വധിച്ചുകൊണ്ടിരിക്കുമ്പോൾ, മറുഭാഗത്ത് മഹാത്മജിയെ വിൽപ്പന ചരക്കാക്കാനുള്ള നിഗൂഢ നീക്കം അവർ നടത്തുന്നുവെന്നും കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ ചൂണ്ടിക്കാട്ടി. മുതലക്കുളം മൈതാനിയിൽ സമാപിച്ച ഗാന്ധി യാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ദേശദ്രോഹം കൈമുതലാക്കിയ ബിജെപിയുടെ കയ്യിൽ നിന്നും, ഇന്ത്യയെ രക്ഷിക്കാൻ രണ്ടാം സ്വാതന്ത്രസമരത്തിന് സമയമായെന്ന് കെ.മുരളീധരൻ എംപി പറഞ്ഞു. ഉപതെരഞ്ഞെടുപ്പുകളിൽ ബിജെപിക്കൊപ്പം, സിപിഎമ്മും വോട്ടുകച്ചവടം നടത്തി കൊണ്ടിരിക്കുന്നുവെന്നും കെ. മുരളീധരൻ ആരോപിച്ചു.

കെപിസിസി മുൻ അധ്യക്ഷൻ വി.എം. സുധീരൻ ഗാന്ധി സ്മൃതി സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ഗാന്ധിജിയുടെ 150-ആം ജന്മവാർഷിക ദിനത്തോടനുബന്ധിച്ച് കെപിസിസിയുടെ നേതൃത്വത്തിൽ കോഴിക്കോട് ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച മേഖലാ പദയാത്ര മലബാർ ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിൽ നിന്നാരംഭിച്ച് – മുതലക്കുളം മൈതാനിയിൽ സമാപിച്ചു. കെ പി സി സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ, മുൻ അധ്യക്ഷൻമാരായ വി.എം. സുധീരൻ, കെ. മുരളീധരൻ എംപി, എം.കെ.രാഘവൻ എം.പി, എ.പി. അനിൽ കുമാർ എംഎല്‍എ, ഡിസിസി പ്രസിഡന്‍റുമാരായ ടി. സിദ്ദിഖ്, വി.വി പ്രകാശ്, കെ.എം. അഭിജിത് തുടങ്ങിയവർ നേതൃത്വം നൽകി. ദേശീയ, സംസ്ഥാന നേതാക്കൾ, സ്വാതന്ത്ര സമര സേനാനികൾ, ഗാന്ധിയൻമാർ തുടങ്ങി ആയിരക്കണക്കിന് പ്രവർത്തകർ ഗാന്ധി യാത്രയിൽ പങ്കെടുത്തു.

Comments (0)
Add Comment