എഴുപത്തിമൂന്നാം ജന്മദിനത്തില്‍ ആഘോഷങ്ങളില്ലാതെ കോണ്‍ഗ്രസ് അധ്യക്ഷ; തീരുമാനം രാജ്യത്തുടനീളം സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങളുടെ പശ്ചാത്തലത്തില്‍

Jaihind News Bureau
Monday, December 9, 2019

കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഇത്തവണ പിറന്നാൾ ആഘോഷിക്കില്ല. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നടന്ന പീഡനങ്ങളുടെയും സ്ത്രീകളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കയുടെ പശ്ചാത്തലത്തിലാണ് തീരുമാനം. ഇന്ന് സോണിയ ഗാന്ധിയുടെ എഴുപത്തിമൂന്നാം ജന്മദിനമാണ്.

രാജ്യത്തിന്‍റെ ഉൾത്തുടിപ്പും വികാരവുമായി ഇന്ത്യൻ നാഷണൽ കോൺഗ്രസ് പടർന്ന് പന്തലിച്ചതിന്‍റെ കാരണം അതത് കാലഘട്ടത്തിലെ നേതാക്കളുടെ ധിഷണാ ബോധവും ഇച്ഛാശക്തിയും ആയിരുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ അധ്യക്ഷയായ സോണിയ ഗാന്ധി പാർട്ടിയെ വളർത്തുന്നതിൽ വഹിച്ച പങ്ക് വലുതാണ്. ഏറ്റവും കൂടുതൽ കാലം കോൺഗ്രസ് അധ്യക്ഷയായ ചരിത്രവും സോണിയ ഗാന്ധിക്ക് സ്വന്തം. 1998ൽ കോൺഗ്രസ് പ്രസ്ഥാനത്തിന്‍റെ അമരത്തേക്ക് കടന്നു വന്നശേഷം അന്നു തൊട്ടു ഇന്നു വരെ അവർ കടന്നു പോയ വൈതരണികളും അതിനെ അവർ ജനങ്ങൾക്കൊപ്പം നിന്നു നേരിട്ട നേതൃപാടവവും സുവർണ രേഖകളായി മാറുന്നു. പാർട്ടിയുടെ പ്രതിസന്ധി കാലഘട്ടങ്ങളിലും രാഷ്ട്രീയ നിലപാടുകളിലും സാധാരണക്കാരന്‍റെ അവകാശ പോരാട്ടങ്ങളിലുമെല്ലാം സോണിയാ ഗാന്ധിയുടെ ഉറച്ച ശബ്ദവും സാന്നിദ്ധ്യവും ഇന്ത്യൻ ജനത കണ്ടു.

കോൺഗ്രസ് മുന്നോട്ടു വച്ച മതേതര ആശയത്തിന്‍റെ ശക്തയായ കാവലാളാകാൻ അവർക്കു കഴിഞ്ഞു എന്നത് കാലം തെളിയിച്ചതാണ്. എതിരാളികളെ പല്ലും നഖവും ഉപയോഗിച്ച് കടിച്ചു കീറുന്ന രാഷ്ട്രീയ ശൈലിയായിരുന്നില്ല സോണിയാ ഗാന്ധിയുടെത്. വിശ്രമം പോലുമില്ലാതെ ഏകാംഗ പടനായികയെ പോലെ പ്രവർത്തിക്കുന്നതായിരുന്നു അവരുടെ അസാധാരണ പ്രവർത്തന ശൈലി. കോൺഗ്രസ് ചരിത്രത്തിലെ സംഭവബഹുലമായ ഒരു ദശാസന്ധികളിൽ രക്ഷകയുടെ വേഷമായിരുന്നു സോണിയ ഗാന്ധിക്ക്. നയപരിഷ്‌കരണങ്ങളിലൂടെ കോൺഗ്രസിനെ പുതിയ കാലത്തിനോട് പാകപ്പെടുത്തിയത് സോണിയയുടെ നേതൃത്വമായിരുന്നു. വിമർശനങ്ങളോട് കാട്ടിയ സഹിഷ്ണുതാപൂർവമായ സമീപനങ്ങളുടെ പേരിലും സോണിയാഗാന്ധി ഇന്ത്യൻ രാഷ്ട്രീയചരിത്രത്തിൽ രേഖപ്പെടുത്തപ്പെടും.