കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിന് തുടക്കമായി; മൂവർണ്ണക്കടലായി റായ്പുർ

 

റായ്പുർ : കോൺഗ്രസ് പ്ലീനറി സമ്മേളനത്തിന് തുടക്കമായി. ഛത്തീസ്ഗഢിലെ റായ്പൂരിൽ ആരംഭിച്ച മഹാസമ്മേളനത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 15,000 പ്രതിനിധികളാണ് പങ്കെടുക്കുന്നത്.  ഇന്ത്യൻ നാഷണൽ കോൺ​ഗ്രസിന്‍റെ 85-ാമത് പ്ലീനത്തിന് രാജ്യോത്സവ ​ഗ്രൗണ്ടിലെ കൂറ്റന്‍ വേദി സാക്ഷിയാകും. പ്ലീനറി സമ്മേളനത്തെ വരവേല്‍ക്കാന്‍ ഛത്തീസ്ഗഢ് തലസ്ഥാനമായ റായ്പുർ മൂവർണ്ണക്കൊടികളാല്‍ അലംകൃതമായി. നിർണായകമായ ചര്‍ച്ചകള്‍ക്ക് വേദിയാകുന്ന കോണ്‍ഗ്രസിന്‍റെ സമ്പൂർണ്ണ സമ്മേളത്തില്‍ രാജ്യത്തെ ജനകീയ വിഷയങ്ങളെല്ലാം ചർച്ചയാകും.

രാവിലെ 10.30 ഓടെ പ്ലീനത്തിന് തുടക്കമായി. ഫെബ്രുവരി 26നാണ് സമാപനം. കോണ്‍ഗ്രസ് അധ്യക്ഷന്‍  മല്ലികാർജുൻ ഖാർ​ഗെ, മുൻ പ്രസിഡന്‍റുമാരായ സോണിയാ ​ഗാന്ധി, രാഹുൽ ​ഗാന്ധി, പ്രിയങ്കാ ​ഗാന്ധി ഉള്‍പ്പെടെയുള്ളവർ പങ്കെടുക്കുമെന്ന് സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണു​ഗോപാൽ അറിയിച്ചു. സ്റ്റിംയറിംഗ് കമ്മിറ്റി കൂടി പ്രമേയങ്ങളടക്കമുള്ള സമ്മേളന പരിപാടികൾക്ക് രൂപം നൽകും. വൈകിട്ട് 4 മണിക്ക് ചേരുന്ന സബജക്റ്റ് കമ്മിറ്റി പ്രമേയങ്ങൾക്കും നടപടിക്രമങ്ങൾക്കും അം​ഗീകാരം നൽകും. പ്രതിപക്ഷ സഖ്യം പ്രഖ്യാപിച്ചുള്ള രാഷ്ട്രീയ പ്രമേയമടക്കം നിർണ്ണായക പ്രമേയങ്ങൾ അവതരിപ്പിക്കും. പ്രവർത്തക സമിതി അംഗബലം കൂട്ടൽ, സമിതികളിൽ 50% യുവാക്കൾക്കും പിന്നാക്ക വിഭാഗങ്ങൾക്കും സംവരണം ഉള്‍പ്പെടെയുള്ള ഭരണഘടനാ ഭേദഗതികൾക്കും സാധ്യതയുണ്ട്.

ബിജെപി ഭരണത്തിൽ രാജ്യത്ത് പിടിമുറുക്കുന്ന ഫാസിസത്തിനെതിരെ ജനകീയ ഐക്യത്തിന് സമ്മേളനം കരുത്ത് പകരും. രാജ്യത്തിന്‍റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കുന്നതിനും ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിനുള്ള സുപ്രധാന നിർദേശങ്ങളും പദ്ധതികളും പ്ലീനറി സമ്മേളനം മുന്നോട്ടുവെക്കും. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനും മുന്നിലുള്ള വിവിധ നിയമസഭാ തെരഞ്ഞെടുപ്പുകൾക്കുമുള്ള മാർഗരേഖയും തയാറാക്കും.

25 നാണ്  മുഴുവൻ പ്രതിനിധികളും പങ്കെടുക്കുന്ന പ്ലീനം നടക്കുക. രാവിലെ 9.30 ന് തുടങ്ങുന്ന പ്ലീനത്തിൽ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെ അധ്യക്ഷത വഹിക്കും. നയാ റായ്പൂരിലെ രാജ്യോത്സവ് ഗ്രൗണ്ടിൽ 250 ഓളം നേതാക്കളെ ഒരേസമയം ഉൾക്കൊള്ളാൻ കഴിയുന്ന കൂറ്റൻ വേദിയാണ് സമ്മേളനത്തിനായി ഒരുക്കിയിരിക്കുന്നത്.

Comments (0)
Add Comment