ജി.എസ്.ടിക്കുമേലുള്ള ഗാഡനിദ്രയിൽ നിന്നും കോൺഗ്രസ് മോദിയെ ഉണർത്തി : രാഹുൽ ഗാന്ധി

Jaihind Webdesk
Thursday, December 20, 2018

RG-Tweet-Dec20

നരേന്ദ്രമോദിയെ അതിരൂക്ഷമായി വിമർശിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വീണ്ടും രംഗത്ത്. ജി.എസ്.ടിക്കുമേലുള്ള ഗാഡനിദ്രയിൽ നിന്നും കോൺഗ്രസ് മോദിയെ ഉണർത്തിയെന്നും, ഇപ്പോഴും ഉറക്കം തൂങ്ങുന്ന മോദി വലിയ വിഡ്ഢി ചിന്തയെന്ന് വിളിച്ച കോൺഗ്രസിന്റെ ആശയങ്ങൾ ജി.എസ്.ടിയിൽ നടപ്പാക്കാൻ ഒരുങ്ങുകയാണെന്നും അദ്ദേഹം ട്വീറ്റിൽ കുറിച്ചു. ഇനിയും താമസിച്ചിട്ടില്ലെന്നും രാഹുൽ പ്രധാനമന്ത്രിയെ ഓർമ്മിപ്പിച്ചു. അഞ്ച് സംസ്ഥാനങ്ങളിലെ തെരെഞ്ഞെടുപ്പു തോൽവിക്ക് പിന്നാലെ ജി.എസ്.ടിയിൽ വലിയ മാറ്റങ്ങളുണ്ടാവുമെന്നും നികുതിയിളവുകൾ 18ശതമാനത്തിനുള്ളിലാക്കുമെന്നും മോദി വ്യക്തമാക്കിയിരുന്നു. ഇത്തേുടർന്നാണ് രാഹുൽ ഗാന്ധി കടുത്ത വിമർശനവുമായി രംഗത്തെത്തിയത്.

അഞ്ച് സംസ്ഥാനങ്ങളിലെ തെരെഞ്ഞെടുപ്പു തോൽവിയുടെ മുഖ്യകാരണം നോട്ട് നിരോധനവും ജി.എസ്.ടിയുടെ അപക്വമായ നടപ്പാക്കലുമെന്ന് തെളിഞ്ഞതോടെയാണ് കോൺരഗസ് മുന്നോട്ട് വെച്ച നിർദ്ദേശങ്ങൾ നടപ്പാക്കാൻ മോദി ഒരുങ്ങുന്നത്. 2019ൽ ലോക്‌സഭയിലേക്ക് നടക്കുന്ന പൊതുതെരെഞ്ഞെടുപ്പിൽ ഏതു വിധേനയും വിജയിച്ച് അധികാരത്തിലേറാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് മോദിയുടെ ഇപ്പോഴത്തെ നടപടി. എന്നാൽ നിലവിൽ നോട്ട് നിരോധനവും ജി.എസ്.ടിയുടെ നടപ്പാക്കലും കെഖാണ്ട് തകർന്നടിഞ്ഞ സാമ്പത്തിക അവസ്ഥയിൽ നിലവിലെ നികുതി ഘടനയിൽ നിന്നും പിന്നോട്ട് പോകുന്നത് റവന്യൂ വരുമാനത്തെ സാരമായി ബാധിക്കുമെന്നും സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു. വൻതുകകൾ ലോണെടുത്ത് കോർപ്പറേറ്റ് സ്ഥാപനങ്ങൾ മുങ്ങിയതോടെ രാജ്യത്തെ ബാങ്കുകളുടെ കിട്ടാക്കടവും പെരുകിയിട്ടുണ്ട്. ഇതിനു പിന്നാലെ റിസർവ്വ് ബാങ്കിൽ കരുതൽ ധനശേഖരത്തിൽ കൈകടത്താനുള്ള സർക്കാരിന്റെ അനാവശ്യ വ്യഗ്രതയും രാജ്യത്തേക്ക് എത്താനുള്ള നിക്ഷേപത്തിന് വിലങ്ങുതടിയാവുന്നതോടെ സർക്കാരിന്റെ റവന്യൂ വരുമാനത്തിൽ ഭീകരമായ ഇടിവാകും ദർശിക്കുക.

സർക്കാർ പ്രഖ്യാപിച്ച് 59 മിനുറ്റിൽ ഒരു കോടി രൂപ വായ്പ എന്ന പദ്ധതിയും ബാങ്കുകളുടെ കിട്ടാക്കടത്തെ തുടർന്നാണ് പ്രാവർത്തികമാക്കാൻ കഴിയാഞ്ഞത്. ഇത്തരം അവസ്ഥയിൽ ജി.എസ്.ടിയിലൂടെയുള്ള റവന്യൂ വരുമാനത്തിന് ഇടിവുണ്ടായാൽ രാജ്യത്തെ സാമ്പത്തിക മേഖലയിൽ അരക്ഷിതാവസ്ഥ സംജാതമാകുമെന്നുമാണ് സാമ്പത്തിക മേഖലയിലെ വിദഗ്ധർ അവകാശപ്പെടുന്നത്. ഇതോടെ ജി.എസ്.ടി ഇളവെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനവും വെറും വാഗ്ദാനമായി നിലകൊള്ളാനാണ് സാധ്യത ഏറെയുള്ളത്.