മോദി സര്‍ക്കാരിന്‍റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ കോണ്‍ഗ്രസിന്‍റെ ‘മഹാറാലി’ ഇന്ന് ; ശക്തമായ താക്കീതാകാന്‍ ലക്ഷങ്ങള്‍ പങ്കെടുക്കുന്ന റാലി

 

ജയ്പൂര്‍ : വിലക്കയറ്റം അടക്കമുള്ള മോദി സര്‍ക്കാരിന്‍റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ എഐസിസി സംഘടിപ്പിക്കുന്ന ‘മഹാറാലി’ക്ക് രാജസ്ഥാന്‍റെ തലസ്ഥാനമായ ജയ്പൂര്‍ ഒരുങ്ങിക്കഴിഞ്ഞു. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്ന് 12 മണിക്ക് നടക്കുന്ന റാലി മോദി സര്‍ക്കാരിന്‍റെ ജനദ്രോഹ ഭരണത്തിനെതിരായ ശക്തമായ താക്കീതാകും.

രാജസ്ഥാന്‍ തലസ്ഥാനമായ ജയ്പൂരിലെ വിദ്യാനഗര്‍ സ്റ്റേഡിയത്തിൽ നിന്നാണ് മഹാറാലിക്ക് തുടക്കം കുറിക്കുക. സംഘടനാചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി രാത്രി വൈകി റാലി നടക്കുന്ന ജയ്പൂരിലെ വിദ്യാനഗര്‍ സ്റ്റേഡിയത്തിലെത്തി ഒരുക്കങ്ങള്‍ വിലയിരുത്തി. രാജസ്ഥാന്‍റെ ചുമതലയുള്ള ഐഐസിസി ജനറല്‍ സെക്രട്ടറി അജയ്മാക്കന്‍, ജനറല്‍ സെക്രട്ടറിമാരായ രണ്‍ദീപ് സിംഗ് സുര്‍ജേവാല, മനീഷ് ഛത്രത്ത് എന്നിവരും ഒപ്പമുണ്ടായിരുന്നു. കേരളത്തില്‍ നിന്ന് അടക്കം വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി ലക്ഷക്കണക്കിന് പേര്‍ റാലിയില്‍ പങ്കെടുക്കും.

ചിത്രം: എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപിയുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ വിലയിരുത്തുന്നു

നരേന്ദ്ര മോദി സർക്കാരിന് നൽകുന്ന ശക്തമായ താക്കീതാവും കോൺഗ്രസിന്‍റെ മഹാ റാലിയെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി പറഞ്ഞു. ഏറ്റവും വലിയ ആവേശമാണ് കാണാന്‍ കഴിയുന്നതെന്നും ലക്ഷക്കണക്കിന് ആളുകള്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി റാലിയില്‍ പങ്കെടുക്കാന്‍‌ ഒഴുകിയെത്തുമെന്നും അദ്ദേഹം പറഞ്ഞു.

‘കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗങ്ങളും മുഖ്യമന്ത്രിമാരും അടക്കമുള്ള വന്‍ നേതൃനിര തന്നെ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിച്ചേരുന്നുണ്ട്. സാധാരണക്കാര്‍ വിലക്കയറ്റംകൊണ്ട് ദുരിതത്തിലായിരിക്കുകയാണ്. വിലക്കയറ്റം നിയന്ത്രിക്കാന്‍ യാതൊരു നടപടിയും മോദി സര്‍ക്കാര്‍ സ്വീകരിക്കുന്നില്ല.  ജനങ്ങളെ കഷ്ടപ്പെടുത്തുന്ന നയങ്ങളാണ്  മോദി സര്‍ക്കാരിന്‍റേത്.  വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന ജനങ്ങള്‍ക്ക് ആശ്വാസം നല്‍കണം എന്നാവശ്യപ്പെട്ടുകൊണ്ട് നരേന്ദ്ര മോദി സര്‍ക്കാരിന് നല്‍കുന്ന ശക്തമായ താക്കീതായിരിക്കും ഈ റാലി. ‘ – കെസി വേണുഗോപാല്‍ എംപി പറഞ്ഞു.

യാതൊരു കാരണവുമില്ലാതെയാണ് ഡല്‍ഹിയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന റാലിക്ക് അനുമതി നിഷേധിച്ചതെന്ന് കെസി വേണുഗോപാല്‍ എംപി കുറ്റപ്പെടുത്തി.  നരേന്ദ്ര മോദി സര്‍ക്കാറിന്‍റെ ഭരണത്തിന്‍ കീഴില്‍ രാജ്യത്ത് വര്‍ധിച്ച് വരുന്ന വിലക്കയറ്റത്തിനെതിരെ സംസ്ഥാന തലങ്ങളില്‍ നവംബര്‍ 14 മുതല്‍ കോണ്‍ഗ്രസ് ജന ജാഗരണ്‍ അഭിയാന്‍ എന്ന പേരില്‍ ബഹുജന പ്രക്ഷോഭം സംഘടിപ്പിച്ചുവരുന്നുണ്ട്. ഇതിന്‍റെ ഭാഗമായാണ് ജയ്പൂരിലെ മഹാറാലി. ഇതിന് ശേഷവും ജന ജാഗരണ്‍ അഭിയാന്‍ തുടരുമെന്നും കെസി വേണുഗോപാല്‍ എംപി വ്യക്തമാക്കി.

പൂര്‍ണ്ണമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും റാലി സംഘടിപ്പിക്കുകയെന്ന് രാജസ്ഥാന്‍ പ്രദേശ് കോണ്‍‌ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് ഗോവിന്ദ് സിംഗ് ദൊതാസ്ര വ്യക്തമാക്കി.  കസേരകള്‍ കൃത്യമായ അകലത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. താപനില പരിശോധനയ്ക്ക് പുറമെ മാസ്ക്, സാനിറ്റൈസര്‍ തുടങ്ങിയവ ഉറപ്പാക്കുകയും ചെയ്യും.

Comments (0)
Add Comment