സര്‍ക്കാരിന്‍റെ കര്‍ഷകവിരുദ്ധ നയങ്ങള്‍ക്കെതിരെ കോണ്‍ഗ്രസിന്‍റെ ലോങ് മാർച്ച്

Jaihind Webdesk
Thursday, March 7, 2019

Ramesh-Chennithala-Jan-15

കർഷക ആത്മഹത്യകൾ തുടരുന്ന സാഹചര്യത്തിൽ സർക്കാരിന്‍റെ ഭാഗത്തു നിന്ന് വ്യക്തമായ നിലപാടുകൾ ഇല്ലാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ ഈ മാസം 18 മുതൽ 3 ദിവസത്തേയ്ക്ക് ലോങ് മാർച്ച് സംഘടിപ്പിക്കും. കർഷക ആത്മഹത്യയിൽ സർക്കാർ നിസ്സംഗതക്കെതിരെ കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് കട്ടപ്പനയിൽ ഉപവാസം നടത്തിയിരുന്നു.

പ്രളയത്തിനു ശേഷം ഇടുക്കിയിൽ മാത്രം 9 കർഷകരാണ് മരിച്ചത്. കടക്കെണിയിൽ അകപ്പെട്ട കർഷകർക്ക് അനുകൂലമായി സർക്കാരിന്‍റെ ഭാഗത്തു നിന്നും യാതൊരുവിധ നടപടിയും ഉണ്ടാകുന്നില്ല. മൊറട്ടോറിയം പ്രഖ്യാപിച്ചെങ്കിലും ഇത് ബാങ്കുകൾ അംഗീകരിക്കുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവിന്‍റെ നേതൃത്വത്തിൽ  ഈ മാസം 18, 19, 20 തീയതികളിൽ കുമളിയിൽ നിന്ന് ഇടുക്കി കലക്ടറേറ്റിലേക്കാണ് ലോങ് മാർച്ച് സംഘടിപ്പിച്ചിരിക്കുന്നത്. കർഷകരുടെ 5 ലക്ഷം വരെയുള്ള കടങ്ങൾ എഴുതിത്തള്ളുന്നതു വരെ യുഡിഎഫ് സമരം ചെയ്യുമെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നലെ കട്ടപ്പനയിലെ ഏകദിന ഉപവാസത്തിൽ പറഞ്ഞത്.

കർഷക ആത്മഹത്യ ചർച്ച ചെയ്യാൻ നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിക്കണമെന്നും മൊറട്ടോറിയം നിലനിൽക്കെയാണു കർഷകർ ആത്മഹത്യ ചെയ്തതെന്നും അതു നീട്ടിയതുകൊണ്ടു കാര്യമില്ല എന്നും അദ്ദേഹം പറഞ്ഞു. ഇടുക്കി ജില്ലയിലെ കർഷക ആത്മഹത്യകൾക്കു നേരെയുള്ള സർക്കാർ നിസ്സംഗതയ്‌ക്കെതിരെയാണ് കട്ടപ്പനയിൽ ഇന്നലെ പ്രതിപക്ഷ നേതാവ് ഉപവാസം നടത്തിയത്.