കൊവിഡ് 19 : കേന്ദ്രത്തിനെതിരെ ‘സ്പീക്ക് അപ് ഇന്ത്യ’ ക്യാമ്പയിനുമായി കോണ്‍ഗ്രസ്

Jaihind News Bureau
Wednesday, May 27, 2020

കൊവിഡിന്‍റെ പശ്ചാത്തലത്തിൽ ജനങ്ങളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ സമൂഹ മാധ്യമങ്ങളിൽ പ്രചരണവുമായി കോൺഗ്രസ്. സ്പീക്ക് അപ് ഇന്ത്യ എന്ന ക്യാമ്പയിനിൽ 50 ലക്ഷം പേർ പങ്കെടുക്കുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു.

https://www.facebook.com/152831428240941/videos/586484732274179/

ലോക്ക് ഡൗണില്‍ ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ കേന്ദ്ര സര്‍ക്കാരിന്‍റെ ശ്രദ്ധയിലെത്തിക്കുക എന്നത് ലക്ഷ്യമിട്ടാണ് കോണ്‍ഗ്രസ് രാജ്യവ്യാപകമായി സാമൂഹിക മാധ്യമ പ്രചാരണം നടത്തുന്നത്. ‘സ്പീക്ക് അപ് ഇന്ത്യ’ എന്ന പേരില്‍ സംഘടിപ്പിച്ചിട്ടുള്ള ബഹുജന പ്രചാരണം നാളെ രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 2 മണി വരെയാണ് നടത്തുന്നത്. എ.ഐ.സി.സി അധ്യക്ഷ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ തുടങ്ങി 50 ലക്ഷത്തോളം പേരെ കാമ്പയിനില്‍ അണിനിരക്കും.

എട്ട് കോടിയോളം വരുന്ന ഇന്ത്യയിലെ അതിഥി തൊഴിലാളികളുടെ കാര്യത്തില്‍ കേന്ദ്രം പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് കെ.സി.വേണുഗോപാല്‍ ആവശ്യപ്പെട്ടു. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടു അതിഥി തൊഴിലാളികള്‍ക്ക് സ്വന്തം നാട്ടിലെത്താനുള്ള ക്രമീകരണം പൂര്‍ത്തിയാക്കിയിട്ടില്ല ഇന്ത്യയുടെ യഥാര്‍ത്ഥ സ്ഥിതി മനസിലാക്കാന്‍ ഇതുവരേയും കേന്ദ്ര സര്‍ക്കാരിന് സാധിച്ചിട്ടില്ലെന്നും ഈ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ കണ്ണ് തുറപ്പിക്കാനാണ് പ്രതിഷേധമെന്നും അദ്ദേഹം പറഞ്ഞു.

പാവപ്പെട്ടവര്‍ക്ക് ആറ് മാസത്തേക്ക് 7500 രൂപ പ്രതിമാസം നേരിട്ട് നല്‍കാനുള്ള നടപടി സര്‍ക്കാര്‍ കൈക്കൊള്ളണം. അടിയന്തരമായി അവര്‍ക്ക് പതിനായിരം രൂപ നല്‍കണം. തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനവും തൊഴില്‍ ദിവസവും വര്‍ദ്ധിപ്പിക്കണം. സര്‍ക്കാരിന്‍റെ ഏതു തെറ്റ് ആര് ചൂണ്ടിക്കാട്ടിയാലും അവരെ ദേശവിരുദ്ധരെന്നു മുദ്രകുത്താനാണ് കേന്ദ്ര ശ്രമം. പ്രവാസികള്‍ നാട്ടിലെത്തിയാല്‍ ക്വാറന്‍റൈയിന് പണം നല്‍കണമെന്ന സര്‍ക്കാരിന്‍റെ നിലപാട് ക്രൂരമാണെന്നും പ്രവാസികള്‍ക്കായി മുന്‍പ് പറഞ്ഞ നിലപാടുകളില്‍ നിന്നും മുഖ്യമന്ത്രി പിന്‍മാറിയെന്നും കെ.സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.