യുഡിഎഫിന്‍റെ വിജയം പിണറായിക്കുള്ള മുന്നറിയിപ്പ് : തൃക്കാക്കരയിലെ വിജയത്തില്‍ പ്രതികരണവുമായി കോൺഗ്രസ് നേതാക്കള്‍

തൃക്കാക്കരയിലെ പരാജയം മുഖ്യമന്ത്രിയുടേതാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധകരൻ എം പി. ക്യാപ്റ്റൻ നിലം പരിശായി . സർക്കാരിന്‍റെ  വിലയിരുത്തലിൽ പിണറായി പരാജയപ്പെട്ടു. കേരളത്തിന്റെ ജനഹിതത്തിന്റെ പ്രതിഫലനം ആണ് തൃക്കാക്കരയിൽ കണ്ടത്.തൃക്കാക്കരയിൽ ക്യാമ്പ് ചെയ്താണ് മുഖ്യമന്ത്രി പ്രചരണം നയിച്ചത് . അന്തസ്സും അഭിമാനവും ഉണ്ടങ്കിൽ പിണറായി രാജി വെക്കണം ജനഹിതം മാനിച്ച് രാജി വെക്കണമെന്നും കെ.സുധാകരൻ എംപി കണ്ണൂരിൽ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

അധികാര ധാര്‍ഷ്ട്യത്തിന്‍റെ കൊമ്പ് പിഴുതുമാറ്റിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സര്‍ക്കാര്‍ കെ റെയിലില്‍ നിന്ന് പിന്‍മാറണം എന്ന മുന്നറിയിപ്പാണ് ഈ വിജയം. ഈ വിജയത്തിന് നിറഞ്ഞ മനസോടെ തൃക്കാക്കരക്കാര്‍ക്ക് നന്ദി.വിജയത്തില്‍ മതി മറന്ന് ആഹ്‌ളാദിക്കുന്നില്ല. മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം. സാധാരണ പ്രവര്‍ത്തകര്‍ പോലും സി പി എമ്മിനെ കൈ വിട്ടുവെന്ന് വി ഡി സതീശന്‍ വ്യക്തമാക്കി.

തൃക്കാക്കരയില്‍ സെഞ്ച്വറി  അടിക്കാന്‍ വന്ന പിണറായി വിജയന്‍ ക്ലീന്‍ ബൗള്‍ഡ് ആയിയെന്ന് രമേശ് ചെന്നിത്തല.
യുഡിഎഫിന്റെ അതിശക്തമായ മുന്നേറ്റത്തിന് തുടക്കം കുറിക്കുന്നതാണ് ഈ വിജയം. കെ റെയിലിന് എതിരായ ജനങ്ങളുടെ ശക്തമായ വികാരമാണ് തൃക്കാക്കരയില്‍ പ്രതിഫലിച്ചത്. യുഡിഎഫ് ഒറ്റക്കെട്ടായാണ് തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

ഉമാ തോമസിന്റെ സ്വീകാര്യത എടുത്തുകാണിച്ച തെരഞ്ഞെടുപ്പ് ഫലമാണ് തൃക്കാക്കരയിലേതെന്ന് കെ.സി.വേണുഗോപാല്‍ എം.പി. മന്ത്രിപ്പടയെ കൊണ്ടുവന്നിട്ടും എല്‍ഡിഎഫിന് ഒന്നും ചെയ്യാനായില്ല. ഭരണയന്ത്രം ദുരുപയോഗം ചെയ്ത മുഖ്യമന്ത്രിയുടെ മുഖത്തേറ്റ കനത്ത പ്രഹരമാണ് ജനവിധിയെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.

സിപിഎമ്മിനെ ചെണ്ട കൊട്ടി തൃക്കാകരയിലെ ജനങ്ങള്‍ തോല്‍പ്പിച്ചുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്‍റണി. അഹങ്കാരികള്‍ക്കും പിടിവാശികാര്‍ക്കും ജനങ്ങള്‍ നല്‍കിയ ഷോക്ക് ട്രീറ്റ്‌മെന്‍റാണിത്. തൃക്കാക്കരയിലെ എല്ലാ വിഭാഗം വോട്ടര്‍മാര്‍ക്കും ഇഷ്ടപ്പെട്ട സ്ഥാനാര്‍ത്ഥിയെ യുഡിഎഫ് നിര്‍ത്തി. ഇതോടെ മറ്റ് സ്ഥാനാര്‍ത്ഥികള്‍ നിഷ്പ്രഭരായി പോയി. യുഡിഎഫിന്റെ ചിട്ടയായ പ്രവര്‍ത്തനം വിജയത്തിന് കാരണം. വെള്ളപ്പൊക്കം, വിലക്കയറ്റം തുടങ്ങിയ ദുരിതങ്ങളില്‍ ജനങ്ങളെ വേട്ടയാടുമ്പോള്‍ മന്ത്രിസഭ ഒന്നടക്കം മണ്ഡലത്തില്‍ ക്യാമ്പടിച്ചത് ജനങ്ങള്‍ക്ക് ശല്യമായിമെന്നും ആന്‍റണി അഭിപ്രായപ്പെട്ടു

തൃക്കാക്കര തെരഞ്ഞെടുപ്പ്  ഫലത്തില്‍ സന്തോഷം എന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ. ഈ വിജയം
മഞ്ഞക്കുറ്റിക്ക് ജനം നല്‍കിയ മറുപടിയാണ്. വര്‍ഗീയതയ്ക്ക് വിത്ത് വിളച്ച സര്‍ക്കാരിനേറ്റ ആഘാതമാണ് തൃക്കാക്കര തെരഞ്ഞെടുപ്പ് വിജയം. ഈ തെരഞ്ഞെടുപ്പ് വിജയം കേരളം മാറുന്നു എന്നതിന്റെ ഉദാഹരണമാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ മുന്നില്‍ നിന്ന് നയിച്ച പോരാട്ടത്തിന്റെ ഫലമാണ്. അതേ സമയം കത്തികൊണ്ടിരിക്കുന്ന പുരയിലേക്കാണ് കെവി തോമസ് പോയതെന്നും. ഇപ്പോള്‍ അദ്ദേഹവും കത്തുകയാണെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി.

സ്ഥാനാര്‍ത്ഥിയെ കുറിച്ച് മികച്ച  പ്രതികരണമായിരുന്നു എല്ലാ ഭാഗങ്ങളില്‍ നിന്നും ലഭിച്ചതെന്ന് യുഡിഎഫ് കണ്‍വനീര്‍ എം എം ഹസന്‍. സര്‍ക്കാരിന്റെ ജന വിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള വിധി എഴുത്താണ് തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഫലം. ഉപതെരഞ്ഞെടുപ്പ് ഫലം ജനങ്ങളുടെ അംഗീകാരം എം എം ഹസ്സന്‍ കൂട്ടിച്ചേര്‍ത്തു

തൃക്കാക്കര തെരഞ്ഞെടുപ്പില്‍ ഇടതു തോല്‍വിയില്‍ കെ റയില്‍ സമര കേന്ദ്രങ്ങളില്‍ ആഘോഷം പൊടിപൊടിക്കുന്നു. കെ റെയിലിനെതിരെ കനത്ത പ്രതിഷേധം നടന്ന കോട്ടയം മാടപ്പള്ളിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ചു. കെ റെയില്‍ സമരസമിതി അംഗങ്ങളാണ് മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് തെരഞ്ഞെടുപ്പ് വിജയം ആഘോഷിച്ചത്. തെരഞ്ഞെടുപ്പ് വിജയത്തിന്റെ ആഘോഷത്തിന്റെ ഭാഗമായി സമര സമിതി അംഗങ്ങള്‍ ലഡ്ഡു വിതരണം നടത്തി.

Comments (0)
Add Comment