കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ് സഖ്യത്തിന്റെ തേരോട്ടമുണ്ടാകും; താമര വാടും; സര്‍വ്വേകള്‍

Jaihind Webdesk
Friday, April 5, 2019

ലോക്സഭാ തെരെഞ്ഞെടുപ്പില്‍ കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ് ജെ.ഡി.എസ് സഖ്യത്തിന് മുന്‍തൂക്കമെന്ന് സര്‍വേ ഫലങ്ങള്‍. കോണ്‍ഗ്രസ്- ജെ.ഡി.എസ് സഖ്യം ചുരുങ്ങിയത് 17 സീറ്റുകള്‍ നേടുമെന്നാണ് പോള്‍ എയ് നടത്തിയ പ്രവചനത്തില്‍ പറയുന്നത്. ബി.ജെ.പിക്ക് ആറ് സീറ്റുകള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടിവരുമെന്നും പ്രവചനങ്ങള്‍ സൂചിപ്പിക്കുന്നു. സംസ്ഥാനത്ത് 28 ലോക്സഭാ സീറ്റുകളാണുള്ളത്. 2014 ലെ ലോക്സഭാ തെരെഞ്ഞെടുപ്പില്‍ ബി.ജെ.പി 17 സീറ്റുകളാണ് കര്‍ണാടകയില്‍ നേടിയിരുന്നത്. കോണ്‍ഗ്രസിന് ഒന്‍പതും ജെ.ഡി.എസിനു രണ്ടും സീറ്റുകളാണ് 2014ല്‍ കര്‍ണ്ണാടകയില്‍ ലഭിച്ചിരുന്നത്.

ഇത്തവണ ബി.ജെ.പിക്ക് ആറിലധികം സീറ്റുകള്‍ നഷ്ടപ്പെടുമെന്നും സര്‍വേ വ്യക്തമാക്കുന്നു. സംസ്ഥാനത്ത് കോണ്‍ഗ്രസിന് 51 ശതമാനം വോട്ടും ബി.ജെ.പിക്ക് 45 ശതമാനം വോട്ടുമാണ് സര്‍വേ പ്രവചനം. കഴിഞ്ഞവര്‍ഷം നടന്ന നിയമസഭാ തെരെഞ്ഞെടുപ്പ് ഫലം പുറത്തു വന്നതോടെ കോണ്‍ഗ്രസ് 11 ലോക്സഭാ സീറ്റുകളിലും ജെ.ഡി.എസ് നാലുസീറ്റുകളിലും മുന്നിലായിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് 43ഉം കോണ്‍ഗ്രസിന് 41ഉം ജെ.ഡി.എസ്സിന് 11ഉം വോട്ട് വിഹിതമാണ് ലഭിച്ചത്.