ബിജെപിക്കെതിരെ വോട്ടിന് കാശ് ആരോപണവുമായി കോൺഗ്രസ്; അരുണാചൽ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിൽ നിന്നും കോടികൾ പിടിച്ചെടുത്തു; ദൃശ്യങ്ങൾ പുറത്ത്.

Wednesday, April 3, 2019

അരുണാചൽ പ്രദേശിൽ ബി.ജെ.പി നേതാക്കളുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ അനധികൃത പണം കണ്ടെത്തി. മുഖ്യമന്ത്രി പേമഖണ്ഡു, ഉപമുഖ്യമന്ത്രി ചൌനമയി, ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ എന്നിവരുടെ വീട്ടിലെ റെയ്ഡിൽ 1.8 കോടി രൂപ കണ്ടെത്തിയതായി കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജ്ജേവാല വെളിപ്പെടുത്തി. ഇതിന്‍റെ ദൃശ്യങ്ങളും കോൺഗ്രസ് പുറത്തുവിട്ടു. 500 രൂപയുടെ നോട്ടുകളാണ് കണ്ടെടുത്തത്.

വടക്കു- കിഴക്കൻ സംസ്ഥാനങ്ങളിൽ ബിജെപി വോട്ടിന് വേണ്ടി കാശ് നൽകുന്ന തന്ത്രം ഇറക്കുകയാണെന്ന . അരുണാചൽ പ്രദേശിൽ ബിജെപിയുടെ വാഹനവ്യൂഹത്തിൽ നിന്ന് കഴിഞ്ഞ ദിവസം രാത്രി 1.8 കോടി രൂപയാണ് ആദായ നികുതി ഉദ്യോഗസ്ഥർ പിടിച്ചെടുത്തതെന്നും ഇന്ന് മോദി അരുണാചലിലെ തെരെഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കാനിരിക്കെയാണ് ഈ സംഭവമുണ്ടായതെന്നും കോൺഗ്രസ് ആരോപിച്ചു.

ആദായ നികുതി ഉദ്യോഗസ്ഥർ പണം പിടിച്ചെടുക്കുന്നതിൻറെ ദൃശ്യങ്ങൾ പുറത്തു വിട്ടായിരുന്നു കോൺഗ്രസിന്‍റെ വാർത്താസമ്മേളനം. ഇന്ത്യൻ ജനാധിപത്യത്തിലെ കറുത്ത ദിനമാണിതെന്നും തെരെഞ്ഞെടുപ്പ് കമ്മീഷനും എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റും ഉറങ്ങുകയാണോയെന്നും കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജ്ജേവാല ചോദിച്ചു.  മോദിയുടെ റാലിയിൽ പങ്കെടുക്കുന്നവർക്ക് വിതരണം ചെയ്യാനെത്തിച്ചതാണ് പണമെന്നും ഇത് എവിടെ നിന്നു വന്നുവെന്നാണ് അന്വേഷിക്കേണ്ടതെന്നും കോൺഗ്രസ് വക്താവ് കൂട്ടിച്ചേർത്തു.

കാവൽക്കാരൻ മാത്രമല്ല, കാവൽക്കാരന് ചുറ്റും നിൽക്കുന്നവരും കള്ളന്മാരാണെന്നും ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും ബിജെപിയുടെ നമോ ടിവി ജനാധിപത്യത്തെ അട്ടിമറിക്കുന്നതാണെന്നും തെരെഞ്ഞെടുപ്പ് കമ്മീഷന്‍റെ അധികാരം ഉപയോഗിച്ച് നമോ ടിവിയുടെ പ്രക്ഷേപണം അവസാനിപ്പിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും രൺദീപ് സുർജേവാല പറഞ്ഞു.