പി.എസ് ശ്രീധരൻ പിള്ള സ്ഥാനമൊഴിഞ്ഞ് ഒന്നര മാസമാസമായിട്ടും പുതിയ അധ്യക്ഷനെ കണ്ടെത്താനാകാതെ ബി.ജെ.പി സംസ്ഥാന നേതൃത്വം. പുതിയ അധ്യക്ഷനെ ചൊല്ലി കടുത്ത അഭിപ്രായ ഭിന്നതയാണ് പാർട്ടിയിൽ നിലനിൽക്കുന്നത്. ചർച്ചകൾക്കായി കേന്ദ്ര നേതാക്കൾ അടുത്തയാഴ്ച കേരളത്തിൽ എത്തും.
സമാനതകളില്ലാത്ത പ്രതിസന്ധിയാണ് ബി.ജെ.പി സംസ്ഥാന നേതൃത്വം നേരിടുന്നത്. പല ഗ്രൂപ്പുകളും പല പേരുകൾ മുന്നോട്ടു വെച്ചതോടെയാണ് ബി.ജെ.പിക്കുള്ളിൽ ചേരിപ്പോര് രൂക്ഷമായത്. കെ സുരേന്ദ്രനെ അധ്യക്ഷനാക്കണമെന്ന് മുരളീധര പക്ഷവും എം.ടി രമേശ് ആണ് യോഗ്യനെന്ന് കൃഷ്ണദാസ് പക്ഷവും വാദിക്കുന്നു. എ.എൻ രാധാകൃഷ്ണൻ, ശോഭാ സുരേന്ദ്രൻ എന്നിവർക്ക് വേണ്ടിയും ചരട് വലികൾ ശക്തം.
പുതിയ പ്രസിഡന്റിനെ നിശ്ചയിക്കാനായി കോർ കമ്മിറ്റി അംഗങ്ങളുമായും മറ്റ് നേതാക്കളുമായും ദേശീയ സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ സന്തോഷ് കഴിഞ്ഞ മാസം നടത്താനിരുന്ന ചർച്ച അവസാനനിമിഷം മാറ്റിയിരുന്നു. പാർട്ടിയിൽ നിലനിൽക്കുന്ന രൂക്ഷമായ അഭിപ്രായ ഭിന്നതയെ തുടർന്നായിരുന്നു ഇത്. പാർട്ടിയിലെ ഗ്രൂപ്പ് പോരിന് പുറമെ ആർ.എസ്.എസും ബി.ജെ.പിയും തമ്മിലുള്ള അഭിപ്രായ ഭിന്നതയും രൂക്ഷമായിരിക്കുകയാണ്. വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പിൽ കുമ്മനം രാജശേഖരന് സ്ഥാനാർത്ഥിത്വം നിഷേധിച്ചതിന് പിന്നാലെയാണ് ആർ.എസ്.എസ്- ബിജെപി ബന്ധം വഷളായത്. ഈ മാസം 30 നകം ദേശീയ അധ്യക്ഷനെ തെരഞ്ഞെടുക്കേണ്ടതിനാൽ പതിനഞ്ചാം തീയതിക്കുള്ളിൽ സംസ്ഥാന പ്രസിഡന്റിനെ നിശ്ചയിക്കാനാണ് കേന്ദ്ര നേതൃത്വത്തിന്റെ നിർദേശം. ചർച്ചകൾക്കായി ദേശീയ സംഘടനാ സെക്രട്ടറി ബി.എൽ സന്തോഷ് അടുത്തയാഴ്ച കേരളത്തിലെത്തും. കോർ കമ്മിറ്റി അംഗങ്ങളുമായും ആർ.എസ്.എസ് നേതൃത്വവുമായും അദ്ദേഹം ചർച്ച നടത്തും.
പുതിയ പ്രസിഡന്റിനെ നിശ്ചയിക്കുന്ന ചർച്ചകളിൽ ആർ.എസ്.എസ് സ്വാധീനം നിർണായകമാണ്. ഏത് നേതാവിനെ പ്രസിഡന്റ് ആക്കണമെങ്കിലും അതിന് ആർ.എസ്.എസ് നേതൃത്വത്തിന്റെ പച്ചക്കൊടി ആവശ്യമാണ്. അധ്യക്ഷന്റെ പേരിൽ പാർട്ടിയിൽ തർക്കം ഇനിയും രൂക്ഷമായാൽ സമവായമെന്ന നിലയിൽ കുമ്മനം രാജശേഖരൻ വീണ്ടും സംസ്ഥാന പ്രസിഡന്റ് ആകാനുള്ള സാധ്യതയും നിലനിൽക്കുന്നു. ആർ.എസ്.എസിനും കുമ്മനം പ്രസിഡന്റ് ആകുന്നതിനോടാണ് താൽപര്യം.